ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യയിലെ പൊതുതിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 82 ഫെഡറൽ സീറ്റുമായി പ്രതിപക്ഷനേതാവ് അൻവർ ഇബ്രാഹിമിന്റെ മുന്നണിയാണ് മുന്നിലെങ്കിലും രണ്ടു പ്രാദേശിക പാർട്ടികളുടെ പിന്തുണ ലഭിച്ച മുൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസിൻ നേതൃത്വം നൽകുന്ന ദേശീയ സഖ്യം അധികാരത്തിലേക്ക്. 222 അംഗ പാർലമെന്റിൽ സഖ്യത്തിന് 73 സീറ്റാണു ലഭിച്ചത്. ബോർനിയോ ദ്വീപിലെ 32 സീറ്റുകൾ നേടിയ രണ്ടു പ്രാദേശിക പാർട്ടികളാണ് ദേശീയ സഖ്യത്തിനു പിന്തുണ അറിയിച്ചിട്ടുള്ളത്. 49 സീറ്റ് നേടിയ പാൻ മലേഷ്യൻ ഇസ്‍ലാമിക് പാർട്ടിയും (പിഎഎസ്) യാസിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2018 തിരഞ്ഞെടുപ്പിലെ സീറ്റ് ഇരട്ടിയാക്കിയ പിഎഎസ് ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

മലേഷ്യ സ്വാതന്ത്ര്യം നേടിയ 1957 മുതൽ 2018 വരെ അധികാരത്തിലിരുന്ന യുണൈറ്റഡ് മലായ് നാഷനൽ ഓർഗനൈസേഷനാണ് (യുഎംഎൻഒ) തിരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായത്. നിലവിലെ പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കൂബ് നേതൃത്വം നൽകിയ സഖ്യത്തിന് 30 സീറ്റ് മാത്രമാണു ലഭിച്ചത്. യാസിൻ സർക്കാരിൽ ചെറിയ സഖ്യകക്ഷിയായി ഇവർ വന്നേക്കും.

രാജാവ് അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷായുടെ അംഗീകാരം ലഭിച്ചാൽ മുഹിയുദ്ദീൻ യാസിൻ ഇന്ന് അധികാരമേൽക്കും. 2020 മാർച്ചിൽ യുഎംഎൻഒയുമായി ചേർന്ന് അൻവർ ഇബ്രാഹിം സർക്കാരിനെ അട്ടിമറിച്ച് പ്രധാനമന്ത്രിയായ മുഹിയുദ്ദീൻ സഖ്യത്തിലെ വിഭാഗീയതയെത്തുടർന്ന് 17 മാസത്തിനുശേഷം രാജിവച്ചിരുന്നു.

മഹാതിർ മുഹമ്മദിന് വൻ തോൽവി

മലേഷ്യയിൽ 22 വർഷം പ്രധാനമന്ത്രി ആയിരുന്ന ഡോ. മഹാതിർ മുഹമ്മദിന് ആദ്യ തിരഞ്ഞെടുപ്പു തോൽവി. 97 വയസ്സുള്ള മഹാതിറിനെ ലങ്കാവി മണ്ഡലത്തിൽ പെരികാറ്റിൻ നാസിയോണൽ (പിഎൻ) സഖ്യത്തിലെ ഡാറ്റുക് സുഹെയ്മി അബ്ദുല്ല പരാജയപ്പെടുത്തി. അബ്ദുല്ലയ്ക്ക് 25,463 വോട്ട് ലഭിച്ചപ്പോൾ മഹാതിറിന് വെറും 4,566 വോട്ടേ ലഭിച്ചുള്ളൂ. കെട്ടിവച്ച തുകയും നഷ്ടമായി. ബിഎൻ സഖ്യത്തിലെ അർമിഷാ സിറാജ് 11,945 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. 2018ൽ മഹാതിറിന് 34,527 (54.9%) വോട്ട് ലഭിച്ചിരുന്നു.

Content Highlight: Malaysia election result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com