ADVERTISEMENT

ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ ഏറ്റവും കരുത്തേറിയ പദവിയായ കരസേനാ മേധാവി സ്ഥാനത്തേക്ക് വരികയാണ് ലഫ്. ജനറൽ അസിം മുനീർ. ഐഎസ്ഐ, മിലിറ്ററി ഇന്റലിജൻസ് എന്നീ 2 ചാരസംഘടനകളുടെയും മേധാവിയായിരുന്ന ആദ്യ പട്ടാള മേധാവി എന്ന സവിശേഷത അസിമിന്റെ നിയമനത്തിനുണ്ട്.

പുതിയ നിയമനം ഇന്ത്യയോടുള്ള പാക്ക് സൈന്യത്തിന്റെ സമീപനത്തിൽ പ്രത്യേകിച്ചു മാറ്റങ്ങളൊന്നുമുണ്ടാക്കാനിടയില്ല. അസിം ഐഎസ്ഐ മേധാവിയായിരുന്നപ്പോഴാണ് പുൽവാമ ഭീകരാക്രമണം നടന്നത്. കശ്മീർ തർക്കത്തിലും പരമ്പരാഗത നിലപാടാണ് അസിം പുലർത്തുന്നത്.

2019 ൽ, അന്നു പാക്ക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ ഭാര്യയുടെ അഴിമതി പുറത്തു കൊണ്ടുവന്നത് അസിം നേതൃത്വം നൽകിയ അന്വേഷണമാണ്. അന്ന് അസിമിന്റെ സ്ഥാനം തെറിക്കാൻ ഇതിടയാക്കി. പാക്കിസ്ഥാനിൽ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാൻ തിരിച്ചുവരുമെന്ന് കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ കരസേനാ മേധാവിയും പ്രധാനമന്ത്രിയും ഒത്തുപോകാൻ ഇടയില്ല.

അസിം മുനീർ പാക്ക്സേനാ മേധാവി

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാന്റെ കരസേനാ മേധാവിയായി ലഫ്. ജനറൽ അസിം മുനീർ (61) നിയമിതനായി. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐ, മിലിറ്ററി ഇന്റലിജൻസ് എന്നിവയുടെ മേധാവിയായിരുന്നു അസിം. 2016 മുതൽ ഈ പദവി വഹിക്കുന്ന ജനറൽ ഖമർ ജാവേദ് ബജ്‌വ വിരമിക്കുന്നതിനെത്തുടർന്നാണ് അസിമിന്റെ നിയമനം. ബജ്‌വയുടെ കുടുംബം കഴിഞ്ഞ 6 വർഷം കൊണ്ട് ശതകോടീശ്വരന്മാരായെന്ന ആരോപണത്തിന്റെ നിഴലിലാണ് അദ്ദേഹം പടിയിറങ്ങുന്നത്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനായി ലഫ്. ജനറൽ സഹീർ ഷംഷാദ് മിർസയെയും നിയമിച്ചിട്ടുണ്ട്.

English Summary: New Pakistan Army Chief: Who Is Lt Gen Asim Munir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com