ADVERTISEMENT

ബെയ്ജിങ് ∙ എവിടെയെന്നു ലോകം തിരഞ്ഞ ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ (58) ഇതാ ടോക്കിയോയിൽ. ചൈനയിലെ ഭരണകൂട നിയന്ത്രണങ്ങളെ വിമർശിച്ച് 2020 ഒക്ടോബറിൽ ഷാങ്ഹായിൽ നടത്തിയ പ്രസംഗത്തിനു ശേഷം പൊതുരംഗത്തുനിന്നു മാ ഏതാണ്ട് അപ്രത്യക്ഷനായിരുന്നു. 2021 ജനുവരി 21ന് 50 സെക്കൻഡ് നീണ്ട വിഡിയോ സന്ദേശത്തിൽ പ്രത്യക്ഷപ്പെട്ട ശേഷം വീണ്ടും കാണാതായി. ജയിലിലായെന്നു വരെ അഭ്യൂഹമുണ്ടായി. ഇടയ്ക്ക് സ്പെയിനിലും നെതർലൻഡ്സിലും കണ്ടതായി റിപ്പോർട്ടുകൾ വന്നു. 

എന്നാൽ, 6 മാസമായി മാ കുടുംബസമേതം ടോക്കിയോയിലുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ഇടയ്ക്കു സന്ദർശിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകനാണ് ജാക്ക് മാ. ഭരണകൂട വിരുദ്ധ പ്രസംഗത്തിനു പിന്നാലെ മായുടെ സ്ഥാപനങ്ങൾക്കു നേരെ കടുത്ത നടപടികളുണ്ടായിരുന്നു. 

കുത്തകവിരുദ്ധ നിയമം ലംഘിച്ചുവെന്നു കാണിച്ച് ഏപ്രിലിൽ 280 കോടി ഡോളർ (20,924 കോടി രൂപ) പിഴ ചുമത്തി. മാ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഫിനാൻസ് കമ്പനിയായ ആന്റ് ഫിനാൻഷ്യലിന്റെ 3700 കോടി ഡോളറിന്റെ ഓഹരി ലിസ്റ്റിങ്ങും തടഞ്ഞു. ദരിദ്ര കുടുംബത്തിൽ പിറന്നു പടിപടിയായി രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തിയായി വളർന്ന മാ ചൈനയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ബിസിനസുകാരനാണ്. 

English Summary: Alibaba Founder Jack Ma Living In Tokyo For Half A Year: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com