ADVERTISEMENT

ബെയ്ജിങ്∙ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി 1989ൽ പ്രക്ഷോഭം നടത്തിയ യുവതയുടെ രക്തത്തിൽ ചവിട്ടിയാണ് ജിയാങ് സെമിൻ ഉന്നതപദവികളിലേക്കുയർന്നത്. പ്രക്ഷോഭകരോട് സൗമനസ്യത്തോടെയാണ് അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി ഷാവോ സിയാങ് ഇടപെട്ടത്.

സൈന്യത്തെ ഉപയോഗിച്ചു പ്രക്ഷോഭം അടിച്ചമർത്താൻ തീരുമാനമെടുത്തപ്പോൾ ഷാവോ സിയാങ് ടിയാനൻമെൻ ചത്വരത്തിലെത്തി ചെറുപ്പക്കാരോടു കണ്ണീരോടെ പിരിഞ്ഞുപോകാൻ അഭ്യർഥിച്ചു. ആ ‘ദൗർബല്യം’ വിനയായി. അന്ന് പാർട്ടിയുടെ പരമോന്നത നേതാവ് ആയിരുന്ന ഡെങ് സിയാവോ പിങ് അദ്ദേഹത്തെ പുറത്താക്കി. പകരം ഷാങ്ഹായ് മേയറായിരുന്ന ജിയാങ് സെമിനെ പാർട്ടി സെക്രട്ടറിയാക്കി. പാർട്ടിയിൽനിന്നു വിരമിക്കാൻ തയാറെടുക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഈ ഉന്നതപദവി കരഗതമായത്.

സൈനിക കൂട്ടക്കൊലയ്ക്ക് എതിരുനിന്ന ഷാവോ സിയാങ് 2005ൽ മരിക്കുന്നതുവരെ 16 വർഷത്തോളം വീട്ടുതടങ്കലിലായി. കൂട്ടക്കൊലയുടെ ചോര പുരളാത്ത ഒരേയൊരു നേതാവായിരുന്ന ഷാവോ അന്തരിച്ചപ്പോൾ ഔദ്യോഗിക ബഹുമതികളില്ലാതെയാണു സംസ്കാരം നടത്തിയത്. ഇതേസമയം ജിയാങ് സെമിൻ പടവുകൾ കയറി.

കൂട്ടക്കൊലയുടെ പാപഭാരത്തെ ജിയാങ് സെമിൻ മറികടന്നതു വമ്പൻ സാമ്പത്തികവളർച്ചയുടെ വെള്ളിവെളിച്ചം കൊണ്ടാണ്. മുതലാളിത്ത വികസനത്തിന്റെ വാതിലുകൾ തുറന്നിട്ടപ്പോൾ വിദേശനിക്ഷേപത്തിന്റെ കുത്തൊഴുക്കുണ്ടായി. തുടർന്നുള്ള വളർച്ച കണ്ട് ചൈനയെ ഒറ്റപ്പെടുത്തിയ വികസിതരാജ്യങ്ങൾ അയഞ്ഞു. ഇത് സെമിന്റെ നയതന്ത്രജ്ഞത ആയി വാഴ്ത്തപ്പെട്ടു. അന്ത്യംവരെയും ജിയാങ് സെമിൻ പാർട്ടിക്ക് ‘പ്രിയപ്പെട്ട സഖാവാ’യതും അങ്ങനെയാണ്. 1997ലും 2002ലും ജിയാങ് സെമിൻ അമേരിക്ക സന്ദർശിച്ചു. ഇതേ കാലയളവിൽ മനുഷ്യാവകാശപ്രവർത്തകരും ഭരണകൂടത്തിന്റെ വിമർശകരും ജയിലുകളിൽ നരകിച്ചു.

2008 ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ചൈനയെ തിരഞ്ഞെടുത്തതും സെമിന്റെ കാലത്താണ്. സെമിൻ തുടങ്ങിവച്ചത് ഇപ്പോഴത്തെ പ്രസിഡന്റ് ഷി ചിൻപിങ് കൂടുതൽ ശക്തിയോടെ നടപ്പാക്കുന്നു. ജനങ്ങൾ വീണ്ടും തെരുവിലിറങ്ങുന്ന കാലത്താണ് ജിയാങ് സെമിൻ വിടപറഞ്ഞത്. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെ ജനരോഷം.

ജിയാങ് സെമിൻ ഉന്നതനായ ഭരണാധികാരിയും മാർക്സിസ്റ്റും നയതന്ത്രജ്ഞനും ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണം പാർട്ടിക്കും ജനങ്ങൾക്കും അപരിഹാര്യമായ നഷ്ടമാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

Content Highlight: Jiang Zemin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com