ADVERTISEMENT

ടെഹ്റാൻ ∙ കോളജുകളും സർവകലാശാലകളും കടന്ന് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭം കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചതോടെ പ്രക്ഷോഭം തണുപ്പിക്കാനുള്ള നീക്കങ്ങളുമായി ഇറാൻ ഭരണകൂടം. നീതിന്യായ വ്യവസ്ഥയിൽ മതപൊലീസിനു സ്ഥാനമില്ലെന്ന അറ്റോർണി ജനറലിന്റെ നിലപാടും നിയമത്തിൽ മാറ്റം വേണ്ടതുണ്ടോ എന്ന് പാർലമെന്റും ജുഡീഷ്യറിയും ചർച്ച ചെയ്തു തീരുമാനിക്കുമെന്ന മുൻ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്നാണു സൂചന.

അറസ്റ്റ് വരിക്കാനും തെരുവിൽ ഏറ്റുമുട്ടാനും തയാറായി സ്ത്രീകളുൾപ്പെടെ നൂറുകണക്കിനു പേരാണ് ഇപ്പോഴും സമരരംഗത്തുള്ളത്. അതേസമയം, മതപൊലീസിനെ പിൻവലിക്കുന്നതു കൊണ്ടു മാത്രം സമരം അവസാനിപ്പിക്കാൻ പ്രഭോക്ഷകർ തയാറല്ല. മതപൊലീസ് സംവിധാനം പേരിനായി ഇല്ലാതാക്കുകയല്ല, വ്യവസ്ഥിതിയുടെ സമഗ്രമായ മാറ്റമാണ് ലക്ഷ്യമെന്ന് ഇവർ ആവർത്തിക്കുന്നു.  ഇന്നുമുതൽ മൂന്നു ദിവസത്തേക്ക് പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകൾ നിർത്തിവയ്ക്കാനും മറ്റു മേഖലകളിലുള്ളവരെക്കൂടി പങ്കെടുപ്പിക്കാനും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ആഹ്വാനമുണ്ട്.

1979ലെ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെ, സ്ത്രീകൾ തലമറയ്ക്കണമെന്നതുൾപ്പെടെ മതവസ്ത്രധാരണ നിയമം നിലവിലുണ്ടെങ്കിലും 2006ൽ അഹ്മദി നിജാദ് പ്രസിഡന്റായപ്പോഴാണു പൊതുസ്ഥലത്തു സ്ത്രീകളുടെ നിരീക്ഷണത്തിനായി മതപൊലീസിനെ പ്രത്യേക വിഭാഗമാക്കിയത്. വസ്ത്രധാരണത്തിന്റെ പേരിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീസ്വാതന്ത്ര്യം നിരന്തരമായി ഹനിക്കപ്പെടുന്ന സ്ഥിതിയുണ്ടായതോടെ പ്രതിഷേധങ്ങളും തുടങ്ങിയിരുന്നു. മഹ്സ അമിനിയുടെ മരണത്തോടെ ഈ ആവശ്യങ്ങൾ പ്രക്ഷോഭത്തിന്റെ സ്വഭാവം കൈവരിച്ചു. മതപൊലീസിനെതിരെ വിവിധ സമയങ്ങളിൽ രംഗത്തുവന്ന സ്ത്രീ വിമോചന പ്രവർത്തകരെല്ലാം വീട്ടുതടങ്കലിലാവുകയോ നാടുവിടുകയോ ചെയ്യേണ്ടിവന്നതാണ് ഇറാനിലെ സ്ഥിതി.

ഹിജാബ് ശരിയായി ധരിക്കാത്തതിനു പുറമേ, ഇറുകിയ വസ്ത്രങ്ങളോ ശരീരഭാഗങ്ങൾ കാണുന്നവിധത്തിലുള്ള വസ്ത്രമോ ധരിച്ചാലും മതപൊലീസിന്റെ കസ്റ്റഡിയിലാകാം എന്നതാണു സ്ഥിതി. അഹ്മദി നിജാദ് തുടങ്ങിയ പരിഷ്കാരങ്ങൾ നിലവിലെ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഏറ്റെടുത്തതാണ് ഇപ്പോഴത്തെ സാഹചര്യങ്ങളിലേക്കു നയിച്ചത്.

ഇറാനിൽ പുതിയ ആണവ നിലയം

ടെഹ്റാൻ∙ ഇറാൻ പുതിയ ആണവനിലയത്തിന്റെ നിർമാണം ആരംഭിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചതായും 60% സമ്പുഷ്ട യുറേനിയം ഉൽപാദിപ്പിച്ചതായും അറിയിച്ചതിനു പിന്നാലെയാണു പുതിയ നീക്കം. പടിഞ്ഞാറൻ ഇറാൻ അതി‍ർത്തി മേഖലയിലെ ഖുസെസ്താൻ പ്രവിശ്യയിൽ എട്ടു വർഷത്തിനകം പ്ലാന്റ് നിർമാണം പൂർത്തീകരിക്കും. 200 കോടി ഡോളറാണു ചെലവു പ്രതീക്ഷിക്കുന്നത്. നിലവിൽ ബുഷാഹറിൽ ഇറാന് ആണവനിലയമുണ്ട്.

English Summary: Protest-hit Iran abolishes morality police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com