ADVERTISEMENT

കഠ്മണ്ഡു ∙ നേപ്പാളിൽ മുൻ മാവോയിസ്റ്റ് ഗറില്ലാ നേതാവ് ‘പ്രചണ്ഡ’ മൂന്നാം തവണയും പ്രധാനമന്ത്രിയായി. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി– മാവോയിസ്റ്റ് സെന്റർ (സിപിഎൻ–എംസി) നേതാവായ പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡ (68) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച പ്രചണ്ഡ സഖ്യം പൊളിച്ച് പ്രതിപക്ഷ നേതാവായ കെ.പി.ശർമ ഓലിയുടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ – യുണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ–യുഎംഎൽ) പാർട്ടിയുമായി കൈകോർത്താണ് അധികാരത്തിലെത്തിയത്. 5 വർഷത്തിൽ രണ്ടര വർഷം പ്രചണ്ഡയും തുടർന്ന് ഓലിയും പ്രധാനമന്ത്രി സ്ഥാനം പങ്കിടും. 

തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെയുടെ നേപ്പാളി കോൺഗ്രസ് 89 ഉം സിപിഎൻ–എംസി 32 ഉം സീറ്റുകൾ നേടിയപ്പോൾ പ്രതിപക്ഷ നേതാവായ ഓലിയുടെ സിപിഎൻ–യുഎംഎൽ 78 സീറ്റാണ് നേടിയത്. ആർക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ ചർച്ചകൾ നടന്നുവരികയായിരുന്നു. 

ദുബെയുമായി ഭരണം പങ്കുവയ്ക്കുന്ന കാര്യത്തിൽ തീരുമാനമായതായിരുന്നു. എന്നാൽ, ആദ്യ രണ്ടര വർഷം തനിക്കു വേണമെന്ന പ്രചണ്ഡയുടെ ആവശ്യം ദുബെ തള്ളി. തുടർന്ന് ഓലിയുമായി പ്രചണ്ഡ കൈകോർത്തു. മറ്റു ചെറിയ പാർട്ടികളും ചേർന്നതോടെ സഖ്യത്തിൽ 7 പാർട്ടികളായി. ആദ്യ ഊഴത്തിനു പുറമേ പ്രസിഡന്റ് സ്ഥാനവും നേപ്പാളി കോൺഗ്രസ് ആവശ്യപ്പെട്ടതാണ് സഖ്യം പൊളിയാൻ കാരണമായതെന്ന് പ്രചണ്ഡ ആരോപിച്ചു. 

275 അംഗ പാർലമെന്റിൽ 169 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിക്ക് പ്രചണ്ഡ കൈമാറി. 3 ഉപപ്രധാനമന്ത്രിമാരും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബിഷ്ണു പൗദൽ (സിപിഎൻ–യുഎംഎൽ), നാരായൺ കജി ശ്രേസ്ത (സിപിഎൻ–എംസി), മറ്റൊരു സഖ്യകക്ഷിയായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുടെ (ആർഎസ്പി) രബി ലാമിച്ചനെ എന്നിവരാണ് ഉപപ്രധാനമന്ത്രിമാർ.1994 ൽ രൂപം കൊണ്ട മാവോയിസ്റ്റ് പാർട്ടിയുടെ നേതാവായി 1996 മുതൽ 10 വർഷത്തോളം ഒളിവിൽ കഴിഞ്ഞ് ഗറില്ലാ പ്രവർത്തനം നടത്തിയ വ്യക്തിയാണ് പ്രചണ്ഡ. 2006 ൽ സമാധാന ഉടമ്പടിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് പാർട്ടി കടന്നത്.

ഇന്ത്യയോടും ചൈനയോടും സമദൂരനിലപാടായിരിക്കുമെന്ന് പ്രചണ്ഡ പ്രഖ്യാപിച്ചു. ചൈനയോട് പക്ഷപാതിത്വം ഉള്ളവരായാണ് പ്രചണ്ഡയും ഓലിയും അറിയപ്പെടുന്നത്. ഇന്ത്യയും നേപ്പാളും തമ്മിൽ യുപി, ബംഗാൾ, ബിഹാർ, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലൂടെ നീളുന്ന 1850 കിലോമീറ്റർ നീളുന്ന അതിർത്തിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പ്രചണ്ഡയെ അനുമോദിച്ചു.

English Summary: Prachanda new Nepal prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com