ADVERTISEMENT

ജോസഫ് റാറ്റ്സിങ്ങറുടെ കുട്ടിക്കാലത്തു ജർമനിയിൽ സൈനിക സേവനം നിർബന്ധമായിരുന്നു. 14 വയസ്സു തികഞ്ഞപ്പോൾ, ഒട്ടും ഇഷ്‌ടമല്ലാതിരുന്നിട്ടും അഡോൾഫ് ഹിറ്റ്‌ലറുടെ സൈന്യത്തിൽ ചേരേണ്ടിവന്നു. ആർക്കു നേരെയും നിറയൊഴിക്കാൻ ഇഷ്‌ടമില്ലാതിരുന്നതുകൊണ്ട് ജോസഫ് ഒരിക്കലും തോക്കിൽ തിര നിറച്ചിരുന്നില്ല. രണ്ടാം ലോകമഹാ യുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നടന്ന ക്രൂരതകൾ ജോസഫിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.

ഹിറ്റ്‌ലറുടെ കോൺസൻട്രേഷൻ ക്യാംപുകളിൽ നടന്ന പീഡനങ്ങൾ പലതും നേരിൽ കാണുകകൂടി ചെയ്‌തപ്പോൾ ലോകസമാധാനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് വൈദികനാവാൻ തീരുമാനിച്ചത്. 1951ൽ വൈദികപട്ടം സ്വീകരിച്ചു. തുടർന്നു ദൈവശാസ്‌ത്രത്തിൽ വൈദഗ്‌ധ്യം നേടി. 1977ൽ കർദിനാളായി. 2005ൽ മാർപാപ്പയായപ്പോൾ ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു.

വെളുത്ത പുക

ജോൺ പോൾ രണ്ടാമനുശേഷം കർദിനാൾ റാറ്റ്‌സിങ്ങർ ആഗോള കത്തോലിക്കാ സഭയുടെ 265-ാമത്തെ മാർപാപ്പയായത് ഒട്ടും അപ്രതീക്ഷിതമല്ലായിരുന്നു. എങ്കിലും മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവിൽ ആദ്യ നാലു വോട്ടെടുപ്പിലും തീരുമാനം ഉണ്ടായില്ല. തീരുമാനമായി എന്നു സൂചിപ്പിക്കുന്ന വെളുത്ത പുക കാത്ത് സിസ്‌റ്റൈൻ ചാപ്പലിനു മുന്നിൽ കാത്തിരുന്ന വിശ്വാസികളെ നിരാശപ്പെടുത്തി ആദ്യ നാലുവട്ടവും കറുത്ത പുകയാണ് ഉയർന്നത്. 2005 ഏപ്രിൽ 18നായിരുന്നു കോൺക്ലേവ് തുടങ്ങിയത്. 

കോൺക്ലേവിന്റെ രണ്ടാം ദിവസമാണ് പുതിയ പാപ്പയുടെ വരവറിയിച്ചു സിസ്‌റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്നു വെളുത്ത പുകയുയർന്നത്. മാർപാപ്പയായ ഏറ്റവും പ്രായംകൂടിയ രണ്ടു കർദിനാൾമാരിലൊരാളും അദ്ദേഹമായിരുന്നു. ക്ലമന്റ് പന്ത്രണ്ടാമനും 78–ാം വയസ്സിലാണു പാപ്പായായത്. വിക്‌ടർ രണ്ടാമനു ശേഷം (1055–1057) ജർമൻകാരനായ ആദ്യ പാപ്പായും.   

തീർഥയാത്ര

‘നിങ്ങളുടെ പ്രാർഥനകളിലാണ് എന്റെ ആശ്രയം, ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ എളിയ ദാസനാണു ഞാൻ’ – ബനഡിക്ട് പതിനാറാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് ‘നഗരത്തിനും ലോകത്തിനുമുള്ള’ സന്ദേശം അദ്ദേഹം അവസാനിപ്പിച്ചത് ഈ വാക്കുകളോടെയായിരുന്നു. 

വിരമിച്ച ശേഷം വത്തിക്കാൻ ഗാർഡൻസിലെ കോൺവന്റിലായിരുന്നു താമസം. ദൈവശാസ്ത്ര പഠനങ്ങളും രചനകളുമായി സജീവമായിരുന്ന അദ്ദേഹം അപൂർവമായി മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. അപ്പോഴെല്ലാം അതു വലിയ വാർത്തയാവുകയും ചെയ്തു. 

സ്ഥാനത്യാഗത്തിന്റെ അഞ്ചാം വാർഷികത്തിന് അദ്ദേഹം എല്ലാവർക്കുമായി സന്ദേശമയച്ചു: ‘സ്വർഗീയ ഭവനത്തിലേക്കുള്ള തീർഥയാത്രയിലാണ് ഞാൻ. ഏറെ ദൂരമിനി ബാക്കിയില്ലെന്നതിന്റെ സൂചനകൾ ശരീരം കാട്ടിത്തുടങ്ങിയിരിക്കുന്നു’. ഇന്നലെ ആ യാത്ര പൂ‍ർത്തിയായി!

Content Highlight: Pope Emeritus Benedict XVI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com