ADVERTISEMENT

ബ്രസീലിയ ∙ ബ്രസീലിൽ തിരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത തീവ്രവലതുപക്ഷ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ ആയിരക്കണക്കിന് അനുയായികൾ പാർലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. ഇവർ സുരക്ഷാ ബാരിക്കേ‍ഡുകൾ മറികടന്നു 3 സമുച്ചയങ്ങളിലും കടന്നുകയറി ഓഫിസുകൾ അലങ്കോലമാക്കി. ജനാലകൾ അടിച്ചുതകർത്തു. ഈ സമയം പ്രസിഡന്റ് ലുല ഔദ്യോഗിക സന്ദർശനത്തിന് സാവോ പോളയിലായിരുന്നു. ഞായറാഴ്ചയായതിനാൽ സർക്കാർ മന്ദിരങ്ങളിൽ ആരുമുണ്ടായിരുന്നില്ല.

അക്രമികൾക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ച സുരക്ഷാസേന മണിക്കൂറുകൾക്കകം എല്ലാവരെയും ഒഴിപ്പിച്ചു. 200 പേർ അറസ്റ്റിലായിട്ടുണ്ട്. ദേശീയപതാകയിലെ പച്ചയും മഞ്ഞയും നിറമണിഞ്ഞ് നഗരത്തിൽ കൂടാരം കെട്ടി തമ്പടിച്ച ബൊൽസൊനാരോ അനുയായികളെ ഒഴിപ്പിക്കാനും നടപടി തുടങ്ങി. സുരക്ഷാവീഴ്ചയുടെ പേരിൽ ബ്രസീലിയ ഗവർണറെ സസ്പെൻഡ് ചെയ്തു.

ഇടതുപക്ഷ നേതാവ് ലുല ഡസിൽവ പ്രസിഡന്റായി അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴാണു 2021 ജനുവരി 6നു ട്രംപ് അനുയായികൾ നടത്തിയ യുഎസ് ക്യാപ്പിറ്റൾ ആക്രമണ മാതൃകയിൽ ബൊൻസൊനാരോയുടെ അനുയായികൾ അഴിഞ്ഞാടിയത്. അനുയായികളെ കലാപത്തിനു പ്രേരിപ്പിക്കുകയാണു ബൊൽസൊനാരോ ചെയ്യുന്നതെന്നു ലുല സാവോ പോളോയിൽ പറഞ്ഞു. ലുല അധികാരമേൽക്കുന്നതിനു തലേന്നു തന്നെ യുഎസിലെ ഫ്ലോറിഡയിലേക്കു സ്ഥലം വിട്ട ബൊൽസൊനാരോ ആരോപണം നിഷേധിച്ചു.

തിരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ അനുയായികൾ പാർലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയപ്പോൾ. സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ഇവർ ആക്രമിച്ചു. പ്രസിഡന്റ് ലുല ഡ സിൽവ സ്ഥലത്തുണ്ടായിരുന്നില്ല. അക്രമികളെ പീന്നീട് ഒഴിപ്പിച്ചു. 200 പേർ അറസ്റ്റിലായിട്ടുണ്ട്. ചിത്രം: എഫ്പി
തിരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ അനുയായികൾ പാർലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയപ്പോൾ. സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ഇവർ ആക്രമിച്ചു. പ്രസിഡന്റ് ലുല ഡ സിൽവ സ്ഥലത്തുണ്ടായിരുന്നില്ല. അക്രമികളെ പീന്നീട് ഒഴിപ്പിച്ചു. 200 പേർ അറസ്റ്റിലായിട്ടുണ്ട്. ചിത്രം: എഫ്പി

സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അക്രമവും സർക്കാർ മന്ദിരങ്ങൾ കയ്യേറുന്നതും ശരിയല്ലെന്നും മുൻപ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു. ജോ ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ യുഎസിൽ നടന്ന പാർലമെന്റ് ആക്രമണത്തിനു സമാനമായ കലാപത്തിനു ബ്രസീലിലും സാധ്യതയുണ്ടെന്നു നിരീക്ഷകർ മുന്നറിയിപ്പു നൽകിയിരുന്നു.

BRAZIL-POLITICS-VIOLENCE
ബ്രസീലിൽ അക്രമികളെ നിയന്ത്രിക്കുന്നതിനായി സൈന്യം രംഗത്തിറങ്ങിയപ്പോൾ. REUTERS/Ueslei Marcelino

തിരഞ്ഞെടുപ്പുഫലം അംഗീകരിക്കാതെ പ്രതിഷേധം

കഴിഞ്ഞ ഒക്ടോബർ 30 നു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലുല വിജയിച്ചതിനു പിന്നാലെ ആരംഭിച്ചതാണു ബൊൽസൊനാരോയുടെ അനുയായികളുടെ പ്രതിഷേധം. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുണ്ടെന്നും ഫലം റദ്ദാക്കണമെന്നുമുള്ള ബൊൽസൊനാരോയുടെ കക്ഷിയുടെ ആവശ്യം തിര‍ഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. റോഡുകൾ ഉപരോധിച്ചും വാഹനങ്ങൾക്കു തീയിട്ടും പ്രതിഷേധം തുടർന്നു. സൈന്യം ഇടപെടണമെന്നാവശ്യപ്പെട്ടു ബാരക്കുകൾക്കു പുറത്തു കൂടാരം കെട്ടി ആഴ്ചകളായി ലുല വിരുദ്ധർ പ്രതിഷേധം തുടരുകയായിരുന്നു.

BRAZIL-POLITICS-VIOLENCE
ബ്രസീലിൽ അക്രമികളെ നിയന്ത്രിക്കുന്നതിനായി സൈന്യം രംഗത്തിറങ്ങിയപ്പോൾ. REUTERS/Adriano Machado

English Summary: Bolsonaro supporters storm Brazil presidential palace, Congress, Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com