ADVERTISEMENT

കഠ്മണ്ഡു ∙ നേപ്പാളിലെ പോഖരയിൽ വിമാനം ലാൻഡിങ്ങിനു മുൻപ് തകർന്നുവീണ അപകടത്തിൽ ആരെങ്കിലും രക്ഷപ്പെട്ടതായി സൂചനയില്ല.

68 യാത്രക്കാരുൾപ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

കണ്ടെടുക്കാനുള്ള ഏതാനും മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തെപ്പറ്റി പഠിക്കാൻ അഞ്ചംഗ   അന്വേഷണ ഏജൻസിയും രൂപീകരിച്ചിട്ടുണ്ട്.

വിമാനത്തിന്റെ ബ്ലാക്ബോക്സ് വീണ്ടെടുത്തു. ഇന്ത്യക്കാരുൾപ്പെടെ വിദേശ യാത്രക്കാരുടെ മൃതദേഹങ്ങൾ കഠ്മണ്ഡുവിലെത്തിച്ച ശേഷമാകും കൈമാറുന്നത്.

നോക്കിനിൽക്കെ കത്തിയമർന്നു

∙ പൊഖ്‌രയിലെ വീട്ടിൽ ഞായറാഴ്ച വസ്ത്രമലക്കുകയായിരുന്ന കൽപന സുനാർ കാണുന്നത് ഭയാനകമായ രീതിയിൽ ചരിഞ്ഞു പറന്നുവന്ന ഒരു വിമാനത്തെയാണ്. തൊട്ടുപിന്നാലെ ബോംബ്സ്ഫോടനം പോലൊരു പൊട്ടിത്തെറി. ഓടിച്ചെന്നു നോക്കിയ കൽപന കണ്ടത് സെറ്റി നദിക്കു സമീപത്തുനിന്നും കറുത്ത പുക ഉയരുന്നതാണ്. 

വിമാനം ജനവാസമേഖലയ്ക്കു സമീപമാണ് വീണത്. ചിറകുകളിലൊന്ന് ഗീത സുനാർ എന്ന വനിതയുടെ വീട്ടിൽ നിന്ന് 12 മീറ്റർ അകലെ പതിച്ചു. ഒരൽപം കൂടി മാറിയാണ് വിമാനം വീണതെങ്കിൽ വൻദുരന്തം നടന്നേനെയെന്നു ഗീത പറയുന്നു.

ഇന്ത്യയുടെ ദുഃഖം; തേങ്ങി ഗാസിപുർ 

∙ അപകടത്തിൽ മരിച്ച ഇന്ത്യക്കാരായ അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (30) എന്നിവർ യുപിക്കാരാണ്. ഇവരിൽ സഞ്ജയ് ഒഴിച്ചുള്ളവർ ഗാസിപുർ സ്വദേശികളും. 

3 വർഷമായി ജനസേവാ കേന്ദ്രം നടത്തുകയായിരുന്നു അഭിഷേക്. അനിൽകുമാർ രാജ്ബർ കുടുംബത്തെ അറിയിക്കാതെയാണു നേപ്പാളിലേക്കു പോയത്. രാജ്ബറിനൊപ്പം 2 കൂട്ടുകാർ കൂടി പോകാനിരുന്നതാണ്. എന്നാൽ, ഇവർ പിന്നീട് പിൻമാറി.

സോനു ജയ്സ്വാൾ മകൻ ജനിക്കുന്നതിനായി നേപ്പാളിലെ പശുപതീനാഥക്ഷേത്രത്തിൽ വഴിപാട് നേർന്നിരുന്നു. ഇതിനായാണ് നേപ്പാളിലെത്തിയത്. 

കഠ്മണ്ഡുവിലെത്തി 2 ദിവസത്തിനു ശേഷം പാരാഗ്ലൈഡിങ്ങിനായാണ് പോഖരയിലേക്കു പോയത്. തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് സോനു വിമാനത്തിനുള്ളിൽ നിന്നെടുത്ത വിഡിയോ വ്യാപകമായി പ്രചരിച്ചു. ഇത് യാഥാർഥ്യ വിഡിയോയാണെന്ന് മരിച്ച വിശാൽ ശർമയുടെ സുഹൃത്ത് മുകേഷ് കശ്യപ് പറഞ്ഞു.

English Summary : Nepal plane crash black box found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com