ജറുസലം ∙ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ വ്യാഴാഴ്ച ഇസ്രയേൽ കമാൻഡോകൾ ഒരു സ്ത്രീ അടക്കം 9 പലസ്തീൻകാരെ വെടിവച്ചുകൊന്നു. 20 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി മറ്റൊരു സംഭവത്തിൽ ജറുസലം നഗരത്തിലെ ജൂത ആരാധനാലയത്തിൽ ആയുധധാരി നടത്തിയ വെടിവയ്പിൽ 5 ഇസ്രയേലുകാർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു.ജറുസലമിലെ നെവെ യാക്കോവ് മേഖലയിലാണ് വെടിവയ്പ്. അക്രമിയെ പൊലീസ് വധിച്ചു.
സായുധ പ്രതിരോധ സംഘടനയായ ഇസ്‌ലാമിക് ജിഹാദിലെ അംഗങ്ങളെ തിരഞ്ഞ് പലസ്തീൻ അഭയാർഥി ക്യാംപിൽ വ്യാഴാഴ്ച ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെയാണ് പലസ്തീൻകാർ കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് ജിഹാദ്, ഹമാസ്, ഫത്താ എന്നിവയുടെ സായുധവിഭാഗങ്ങളിലെ അംഗങ്ങളാണു കൊല്ലപ്പെട്ട 7 പേരും. മറ്റു 2 പേർ അഭയാർഥി ക്യാംപിലെ ഒരു സ്ത്രീയും പുരുഷനുമാണ്.
വ്യാഴാഴ്ച അർധരാത്രിക്കുശേഷം ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആളപായമില്ല. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിനു തിരിച്ചടിയാണിതെന്ന് ഇസ്രയേൽ വ്യക്തമാക്കി. സ്ഥിതി വഷളാകുന്നതു തടയാൻ ഐക്യരാഷ്ട്ര സംഘടനയും അറബ് മധ്യസ്ഥ രാജ്യങ്ങളും ഇടപെട്ടിട്ടുണ്ട്. ജെനിൻ നഗരത്തിൽ ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം അവസാനിപ്പിക്കുകയാണെന്നു പലസ്തീൻ അതോറിറ്റി പ്രഖ്യാപിച്ചു.
English Summary : Israel commandos killed 9 palestine peoples at Jenin