ADVERTISEMENT

ലണ്ടൻ ∙ ധനമന്ത്രി ആയിരുന്നപ്പോൾ തനിക്കെതിരായ നികുതി അന്വേഷണം നിർത്തിവയ്പിച്ച കൺസർവേറ്റിവ് പാർട്ടി അധ്യക്ഷനും വകുപ്പില്ലാ മന്ത്രിയുമായ നദീം സഹാവിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. നികുതി സംബന്ധമായി ഹിസ് മജസ്റ്റിസ് റവന്യു ആൻഡ് കസ്റ്റംസ് (എച്ച്എംആർസി) അന്വേഷണവിവരം മറച്ചുവച്ചാണു സഹാവി മന്ത്രി ആയതെന്ന ആരോപണത്തിൽ സുനക് സർക്കാർ നിയോഗിച്ച അന്വേഷണസമിതിയുടെ കണ്ടെത്തലിനെ തുടർന്നാണു പുറത്താക്കൽ. മന്ത്രിമാർ പാലിക്കേണ്ട ചട്ടങ്ങളിൽ സഹാവി ഗുരുതരമായ വീഴ്ച വരുത്തിയതായി സമിതി കണ്ടെത്തി.

കഴിഞ്ഞ ജൂലൈയിൽ സുനക് ധനമന്ത്രി സ്ഥാനം രാജിവച്ചപ്പോഴാണു ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഇറാഖി വംശജനായ സഹാവി ധനമന്ത്രി ആയത്. 2000ത്തിൽ ആരംഭിച്ച സഹാവിക്കു പങ്കാളിത്തമുള്ള അഭിപ്രായ വോട്ടെടുപ്പു സ്ഥാപനമായ ‘യൂഗവി’ലെ ഓഹരികളുമായി ബന്ധപ്പെട്ടുള്ള നികുതിവകുപ്പ് അന്വേഷണമായിരുന്നു സഹാവി മൂടിവച്ചത്. ധനമന്ത്രി പദവി ദുരുപയോഗപ്പെടുത്തി അന്വേഷണം സഹാവി അവസാനിപ്പിച്ചതായും ആരോപണമുണ്ടായി. വിവാദമായതോടെ സ്വതന്ത്ര അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ സുനക് സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

സുതാര്യ ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന സുനക്കിന് തലവേദനയാകുന്ന പ്രശ്നങ്ങൾ തുടരുകയാണ്. സുരക്ഷാനിയമം ലംഘിച്ചതിന് ലിസ് ട്രസ് സർക്കാർ പുറത്താക്കിയ സുവെല്ല ബ്രേവർമാനെ ആഭ്യന്തരമന്ത്രിയായി നിയമിച്ചു ഭരണം തുടങ്ങിയ സുനക്കിന്, നവംബറിൽ ഭീഷണിപ്പെടുത്തലിന്റെ പേരിൽ വിദ്യാഭ്യാസ മന്ത്രി ഗവിൻ വില്യംസൺ രാജിവയ്ക്കുന്നതിനു സാക്ഷിയാകേണ്ടിവന്നു. ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിനെതിരെ ഭീഷണിപ്പെടുത്തൽ ആരോപണത്തിൽ അന്വേഷണം നടക്കുന്നു.

English Summary: UK PM Sunak sacks party chairman Zahawi over tax affairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com