ജുബ (ദക്ഷിണ സുഡാൻ) ∙ ദാരിദ്ര്യവും യുദ്ധവും പ്രകൃതിദുരന്തങ്ങളും മൂലം വലയുന്ന ദക്ഷിണ സുഡാനിൽ ‘സമാധാന തീർഥയാത്ര’യ്ക്ക് ഫ്രാൻസിസ് മാർപാപ്പ എത്തി. ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വിൽബി, ചർച്ച് ഓഫ് സ്കോട്‍ലൻഡ് മോഡറേറ്റർ ഇയിൻ ഗ്രീൻഷീൽഡ്സ് എന്നിവരും ഒപ്പമുണ്ട്. മൂവരും ഞായർ വരെ ഇവിടെയുണ്ടാകും. ക്രൈസ്തവ രാജ്യമായ ദക്ഷിണ സുഡാനിൽ ഈ സഭകളിൽ പെട്ടവരാണ് ഭൂരിപക്ഷവും.
മാർപാപ്പ എത്തുന്നതിനു തലേന്ന് തലസ്ഥാന നഗരമായ ജുബ ഉൾപ്പെടുന്ന സെൻട്രൽ ഇക്വറ്റോറിയ സംസ്ഥാനത്ത് ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു. ഭരണാധികാരികളും നയതന്ത്രജ്ഞരും പ്രമുഖരും ഉൾപ്പെടുന്ന സദസ്സിനെ മാർപാപ്പ അഭിസംബോധന ചെയ്തു. ഇന്ന് 3 സഭാ നേതാക്കളും ഒരുമിച്ച് യുദ്ധക്കെടുതി അനുഭവിക്കുന്നവരെ നേരിൽ കണ്ട് ആശ്വസിപ്പിക്കും. നാളെ പൊതുവേദിയിൽ കുർബാന അർപ്പിച്ച ശേഷം മാർപാപ്പ റോമിലേക്കു മടങ്ങും.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സന്ദർശനത്തിനു ശേഷമാണ് മാർപാപ്പ ദക്ഷിണ സുഡാനിലെത്തിയത്.
English Summary : Pope Francis arrives in South Sudan