ഡമാസ്കസ് ∙ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ സിറിയൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലാണ് അവൾ പിറന്നുവീണത്. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവളുടെ പൊക്കിൾക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേർപ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നൽകിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു പിറന്ന് അധിക നേരമാകും മുൻപു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവർത്തകന്റെ വിഡിയോ സിറിയൻ മാധ്യമപ്രവർത്തക സെയ്ന എർഹെയാണു ട്വിറ്ററിൽ പങ്കുവച്ചത്. അമ്മയ്ക്കൊപ്പം കുഞ്ഞിന്റെ പിതാവും മറ്റു കുടുംബാംഗങ്ങളുമെല്ലാം കൊല്ലപ്പെട്ടുവെന്നാണു വിവരം. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഭവനരഹിതരായി അഫ്രിൻ നഗരത്തിലെ ജെൻഡറസ് പട്ടണത്തിൽ അഭയാർഥികളായി കഴിയുകയായിരുന്നു ഈ കുടുംബം. സിറിയൻ നഗരമായ അലപ്പോയിലും ഒരു കുട്ടിയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷിച്ചു.
English Summary : New born baby rescued in earthquake affected Syria