ADVERTISEMENT

മലാബോ ∙ മധ്യ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ ഇതാദ്യമായി മാർബേർഗ് വൈറസ് മൂലമുള്ള രക്തസ്രാവപ്പനി സ്ഥിരീകരിച്ചു. എബോളയ്ക്കു സമാനമായ ഈ രോഗം ബാധിച്ച് ജനുവരി 7നും ഫെബ്രുവരി 7നും ഇടയിൽ 9 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പ്രത്യേക സംഘങ്ങളെ അയച്ചിട്ടുണ്ട്. 

ഇക്വറ്റോറിയൽ ഗിനിയിൽ മധ്യപടിഞ്ഞാറൻ വനമേഖലയിലാണ് രോഗം പടരുന്നത്. കി എന്റെം പ്രവിശ്യയിലും സമീപത്തെ മോംഗോമോ ജില്ലയിലും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ക്വാറന്റീൻ കർശനമാക്കി. അയൽരാജ്യങ്ങൾ അതിർ‌ത്തികൾ അടച്ച് മുൻകരുതലെടുത്തു. 

എബോള പോലെ മാരകമായ വൈറസ് കുടുംബത്തിൽപെട്ടതാണ് മാർബേർഗ്. ആഫ്രിക്കയിൽ കണ്ടുവരുന്ന പഴംതീനി വവ്വാലിൽനിന്നുള്ള വൈറസാണ് രോഗം പരത്തുന്നത്. അതിരൂക്ഷമായ പനി, തലവേദന, ഛർദി, വയറുവേദന, വയറിളക്കം തുടങ്ങിയവയാണു പ്രധാനലക്ഷണങ്ങൾ. ഒപ്പം രക്തസ്രാവവും ഉണ്ടാകും. രക്തം ഛർദിക്കുന്നതു കൂടാതെ മൂക്കിൽനിന്നുൾപ്പെടെ രക്തം വരുന്നതും മാർബേർഗ് രോഗത്തിന്റെ സവിശേഷതയാണ്. 88% വരെയാണ് മരണനിരക്ക്. 

ടൈഫോയ്ഡ്, മലേറിയ ലക്ഷണങ്ങൾക്കു സമാനമായതിനാൽ മാർബേർഗ് അത്രവേഗം തിരിച്ചറിയില്ല. നേരത്തേ അംഗോള, കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഘാന എന്നിവിടങ്ങളിൽ നേരിയ രോഗവ്യാപനമുണ്ടായത് പൂർണമായി നിയന്ത്രണവിധേയമാക്കിയിരുന്നു.

English Summary : WHO confirms Marburg disease in Equatorial Guinea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com