വാഷിങ്ടൻ ∙ ഇന്തോ–പസിഫിക് മേഖലയിൽ ചൈനയുടെ ഭീഷണി നേരിടാൻ അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ആണവ മുങ്ങിക്കപ്പൽ പദ്ധതി പ്രഖ്യാപിച്ചു. യുഎസ്‍ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് എന്നിവർ സാൻ ഡീഗോയിൽ നടത്തിയ ഉച്ചകോടിക്കു ശേഷമായിരുന്നു പ്രഖ്യാപനം.
ഇതനുസരിച്ച്, കോൺഗ്രസിന്റെ അനുമതി ലഭിച്ചശേഷം 2030 കളുടെ തുടക്കത്തിൽ ഓസ്ട്രേലിയയ്ക്ക് യുഎസ് 3 ആണവ മുങ്ങിക്കപ്പലുകൾ നൽകും. ആവശ്യമെങ്കിൽ രണ്ടെണ്ണം കൂടി വിൽക്കാനും വ്യവസ്ഥയുണ്ട്. വരും വർഷങ്ങളിൽ ആണവ മുങ്ങിക്കപ്പലുകൾ നിർമിക്കുന്നതിന് യുഎസ് 460 കോടി ഡോളർ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസ്, ബ്രിട്ടിഷ് സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചാവും ഇവ നിർമിക്കുക.
ഇന്ത്യൻ സമുദ്രവും ദക്ഷിണ ചൈന കടൽ ഉൾപ്പെടെ പശ്ചിമ, മധ്യ പസിഫിക് സമുദ്രവും ചേർന്നതാണ് ഇന്തോ–പസിഫിക് മേഖല. തയ്‍വാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം, ബ്രൂണയ്, മലേഷ്യ എന്നീ രാജ്യങ്ങൾ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും ദക്ഷിണ ചൈന കടൽ മുഴുവൻ സ്വന്തമാണെന്നാണ് ചൈനയുടെ അവകാശവാദം. പദ്ധതിക്കെതിരെ നിശിതമായ വിമർശനവുമായി ചൈനയും റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.
English Summary : US UK Australia nuclear submarine project to tackle China