ഹേഗ് (നെതർലൻഡ്സ്) ∙ യുക്രെയ്നിൽ നിന്ന് കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കു തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
കുട്ടികളെ മാറ്റിപ്പാർപ്പിച്ചതു യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നു കോടതി പറഞ്ഞു. റഷ്യയിൽ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ഓഫിസിന്റെ ഉത്തരവാദിത്തം വഹിക്കുന്ന മരിയ അലക്സനേവ ല്വോവ ബെലോവയ്ക്കും ഇതേ കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചതായും കോടതി പറഞ്ഞു.
അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അടുത്തയാഴ്ച മോസ്കോ സന്ദർശിക്കും. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഷിയുടെ സന്ദർശനത്തെ പാശ്ചാത്യ ശക്തികൾ ഗൗരവത്തോടെയാണ് കാണുന്നത്. റഷ്യയ്ക്ക് ആയുധങ്ങൾ നൽകാൻ ചൈന തയാറായേക്കും എന്നാണ് ആശങ്ക. എന്നാൽ ആയുധങ്ങൾ കൈമാറുമെന്ന പ്രചാരണം നിഷേധിച്ച ചൈന, അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്നിന് അത്യാധുനിക യുദ്ധവിമാനങ്ങൾ അടക്കമുള്ളവ നൽകുന്നതിനെ വിമർശിച്ചു.
English Summary: Putin arrest warrant issued over war crime allegations