ADVERTISEMENT

ലഹോർ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ പൊലീസ് സംഘം പെട്രോൾ ബോംബുകളും തോക്കുകൾ അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പ്രവർത്തകരായ 61 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ 3 പൊലീസുകാർക്കും 10 പാർട്ടി പ്രവർത്തകർക്കും പരുക്കേറ്റു. 

തോഷഖാന അഴിമതി കേസിൽ ഇമ്രാനെ (70) അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ സമൻ പാർക്കിലുള്ള വീടിനു ചുറ്റും പ്രവർത്തകർ ബാരിക്കേഡുകൾ ഉയർത്തിയിരുന്നു. മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് ഗേറ്റും മറ്റു തടസ്സങ്ങളും തകർത്ത ശേഷമാണ് പൊലീസ് വീട്ടിൽ കയറിയത്. അഴിമതിക്കേസിൽ കോടതിയിൽ ഹാജരാകാൻ ഇമ്രാൻ ഇസ്​ലാമാബാദിലേക്ക് തിരിച്ചതിനു തൊട്ടുപിന്നാലെയാണ് പതിനായിരത്തോളം പൊലീസുകാരെ അണിനിരത്തി അധികൃതർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. അതേസമയം, ഇസ്​ലാമാബാദിലും സംഘർഷവും നാടകീയ രംഗങ്ങളുമുണ്ടായി. 

തോഷഖാന അഴിമതി കേസിൽ ഇമ്രാൻ ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയിൽനിന്നു വിലയേറിയ സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റു എന്നതാണ് തോഷഖാന കേസ്. ഈ കേസിൽ ഏതാനും ദിവസം മുൻപ് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വീട് യുദ്ധക്കളമായിരുന്നു. 

ഈ മാസം 7ന് ആണ് ഈ കേസിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് റദ്ദാക്കണമെന്ന് ഹർജി നൽകിയപ്പോൾ 13ന് മുൻപ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചു. തുടർന്നാണ് ലഹോറിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അതേസമയം 18നു മുൻപ് കോടതിയിൽ ഹാജരാകാൻ ഹൈക്കോടതിയും അന്ത്യശാസനം നൽകി. ഈ ഉത്തരവനുസരിച്ചാണ് ഇസ്​ലാമാബാദിലെ കോടതിയിൽ ഹാജരാകാൻ ഇമ്രാൻ ഖാൻ ഇന്നലെ എത്തിയത്. ഇതിനിടെ കോടതി പരിസരത്ത് തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. ഇമ്രാൻ ഹാജരാകുന്നതിനായി ജഡ്ജി മണിക്കൂറുകളോളം കാത്തിരുന്നു. സംഘർഷത്തിനിടയിൽ കോടതിമുറിയിൽ എത്താനാവില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെ കാറിലിരുന്ന് കോടതിരേഖകളിൽ ഒപ്പുവച്ചശേഷം മടങ്ങാൻ ജഡ്ജി അനുവദിച്ചു. 

അതേസമയം, വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ഇമ്രാനെതിരെ പുതിയ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിനുള്ളിൽ നിന്ന് പൊലീസിനു നേരെ വെടിവയ്പുണ്ടായതായി ആഭ്യന്തരമന്ത്രി റാണ സനവുല്ല ആരോപിച്ചു. പൊലീസ് പ്രവർത്തകരെ മർദിച്ചതായി നേതാക്കൾ ആരോപിച്ചു. 

എന്തുവിലകൊടുത്തും തന്നെ അറസ്റ്റ് ചെയ്യണമെന്ന ഉദ്ദേശ്യമാണ് സർക്കാരിനുള്ളതെന്നും വീട്ടിലെ പൊലീസ് നടപടികൾ ഇതിന്റെ സൂചനയാണെന്നും ഇമ്രാൻ പ്രതികരിച്ചു. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഭാര്യ ബുഷ്റ ബീവി മാത്രമുണ്ടായിരുന്ന വീട്ടിലേക്കാണ് പൊലീസ് കയറിയതെന്ന് ആരോപിച്ചു. എന്നാൽ ഇമ്രാന്റെ ഭാര്യ ഉണ്ടായിരുന്ന സ്ഥലത്തേക്ക് പൊലീസ് പോയിട്ടില്ലെന്ന് മന്ത്രി റാണ പറഞ്ഞു.

 

English Summary: Police raid in Imran Khan's home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com