മോസ്കോ ∙ പുട്ടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു ശേഷവും യുക്രെയ്നിലെ റഷ്യയുടെ ആക്രമണം ശക്തമായി തുടരുന്നു. കീവും ലിവ്യൂവും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ആക്രമണം. ഇതേസമയം, റഷ്യയുടെ 11 ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയതായി യുക്രെയ്ൻ അവകാശപ്പെട്ടു.
3 ദിവസത്തെ സന്ദർശനത്തിനായി ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് നാളെ മോസ്കോയിലെത്തുകയാണ്. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്നിനെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം പ്രധാനമാണ്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം ആദ്യമായാണ് ഷി മോസ്കോയിലെത്തുന്നത്. നാളെ പുട്ടിനുമൊന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്ന ഷി ചൊവ്വാഴ്ച ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും.
ഇതിനിടെ ചൈന, ഇറാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് റഷ്യ അറബിക്കടലിൽ ത്രിതല നാവിക അഭ്യാസം സംഘടിപ്പിച്ചു. ഇറാനിലെ തുറമുഖമായ ചാബഹാറിലാണ് അഭ്യാസം നടത്തിയത്.
English summary: Xi Jinping visits Russia