ADVERTISEMENT

മോസ്കോ ∙ ‘ഇവിടത്തെ ജീവിതം എങ്ങനെയുണ്ട്’? എന്ന് വ്ലാഡിമിർ പുട്ടിന്റെ ചോദ്യം. യുദ്ധം തകർത്തെറിഞ്ഞ മരിയുപോൾ നഗരത്തിലെ വീട്ടമ്മ മറുപടി നൽകി: ‘സ്വർഗതുല്യമായ സ്ഥലത്തു താമസിക്കുന്നതു പോലെയുണ്ട്.’ തുടർന്ന് അവർ പുട്ടിന്റെ കൈപിടിച്ച് നന്ദി പ്രകാശിപ്പിക്കുന്നു. റഷ്യൻ ടിവി പുറത്തുവിട്ടതാണ് ഈ ദൃശ്യങ്ങൾ.

റഷ്യൻ സൈന്യം മാസങ്ങളോളം നീണ്ട രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനൊടുവിൽ കീഴക്കിയ യുക്രെയ്നിലെ മരിയുപോൾ നഗരത്തിലാണു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ശനിയാഴ്ച അപ്രതീക്ഷിത സന്ദർശനം നടത്തിയത്. പുട്ടിൻ കാറോടിച്ചു നഗരത്തിലൂടെ സഞ്ചരിക്കുന്നതും ആളുകളുമായി സംസാരിക്കുന്നതും ടിവി ദൃശ്യങ്ങളിലുണ്ട്. റഷ്യൻ ഉപപ്രധാനമന്ത്രി മാരട്ട് ഖുസ്നുലിനും പുട്ടിനൊപ്പം ഉണ്ടായിരുന്നു. നഗരം പുനർനിർമിച്ചതിനെപ്പറ്റി ഉപപ്രധാനമന്ത്രി പുട്ടിനു വിവരിച്ചുകൊടുക്കുന്നു.

റഷ്യ അധിനിവേശം നടത്തിയ യുക്രെയ്ൻ പ്രദേശത്തേക്കു പുട്ടിന്റെ ആദ്യ സന്ദർശനമാണിത്. ക്രിമിനൽ ആയ പുട്ടിൻ താൻ കുറ്റകൃത്യം നടത്തിയ സ്ഥലം സന്ദർശിക്കുകയാണ് ചെയ്തതെന്ന് ഇപ്പോൾ പ്രവാസിയായി കഴിയുന്ന മരിയുപോൾ മേയർ ബോയ്ചെങ്കോ ആരോപിച്ചു.

റഷ്യൻസേന യുക്രെയ്ൻ കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്കു കടത്തിയെന്ന കേസിൽ പുട്ടിനെതിരെ രാജ്യാന്തര കോടതി കഴിഞ്ഞദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണു പുട്ടിന്റെ സന്ദർശനമെന്നാണ് വിലയിരുത്തൽ. പതിനാറായിരത്തോളം കുട്ടികളെയാണു കൊണ്ടുപോയതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.

തുറമുഖ നഗരമായ മരിയുപോൾ 10 മാസമായി റഷ്യയുടെ കൈവശമാണ്. ഇവിടെ യുദ്ധത്തിൽ ഇരുപതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് യുക്രെയ്ൻ കണക്ക്. 5 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽനിന്ന് മൂന്നര ലക്ഷത്തോളം പലായനം ചെയ്തു. അതിനിടെ, യുക്രെയ്നിലെ സാപൊറീഷ്യയിൽ റഷ്യ നടത്തിയ ബോംബ് ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 2 പേർക്ക് പരുക്കേറ്റു. ജനവാസകേന്ദ്രത്തിലാണ് ഷെല്ലാക്രമണം നടത്തിയത്.

 

English Summary: Putin visits Russian-occupied Mariupol 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com