യുക്രെയ്ൻ ആക്രമണം ശക്തമാക്കി റഷ്യ; 10 മരണം
Mail This Article
കീവ് ∙ റഷ്യൻ മുന്നേറ്റം മന്ദഗതിയിലായെന്ന് യുക്രെയ്ൻ അവകാശപ്പെട്ട മേഖലകളില്ലെല്ലാം കനത്ത ആക്രമണവും നാശവും. കിഴക്കൻ നഗരമായ ബഹ്മുതിലും സുമി, ഡൊണെട്സ്ക് പ്രവിശ്യകളിലും മിസൈൽ ആക്രമണങ്ങളിൽ 10 മരണം. ഡൊണെട്സ്കിലെ കോസ്റ്റ്യാന്റിനിവ്‌കയിൽ 5 പേരും സുമിയിലെ ബിലോപിലിയയിൽ 2 പേരും ഹേഴ്സനിൽ 2 പേരുമാണു മരിച്ചത്.
കോസ്റ്റ്യാന്റിനിവ്‌കയിൽ ജനങ്ങൾക്കായി ഒരുക്കിയ അഭയകേന്ദ്രത്തിലാണു മിസൈലാക്രമണം നടന്നത്. കിഴക്കൻ യുക്രെയ്നിലെ ബഹ്മുതിൽ ഇനി അവശേഷിക്കുന്ന പതിനായിരത്തോളം നാട്ടുകാർ റഷ്യൻ ആക്രമണത്തിനു നടുവിൽ ദുരിതജീവിതം നയിക്കുകയാണെന്ന് റെഡ്ക്രോസ് ചൂണ്ടിക്കാട്ടി. ബഹ്മുതിൽ താമസിച്ചിരുന്ന 90% പേരും സ്ഥലംവിട്ടു കഴിഞ്ഞു. റഷ്യൻ ആക്രമണത്തിലെ ഏറ്റവും നീണ്ടുനിന്നതും നാശനഷ്ടമേറിയതുമായ യുദ്ധമേഖലയായി ബഹ്മുത് മാറി.
9 ബെലാറൂസ് പൗരന്മാർക്കും 3 കമ്പനികൾക്കുമെതിരെ യുഎസ് ധനവകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇതിനിടെ, 2014ൽ റഷ്യയോടു കൂട്ടിച്ചേർത്ത ക്രൈമിയ തിരിച്ചുപിടിക്കാൻ യുക്രെയ്ൻ ശ്രമം നടത്തിയാൽ ഏത് ആയുധം പ്രയോഗിക്കാനും മടിക്കില്ലെന്നു റഷ്യൻ സുരക്ഷാ സമിതി ഉപാധ്യക്ഷനും രാജ്യത്തിന്റെ മുൻ പ്രസിഡന്റുമായ ദിമിത്രി മെദ്മെദേവ് മുന്നറിയിപ്പു നൽകി. പിടിച്ചെടുത്ത മേഖലകളെ സൈനികമുക്തമാക്കി ബഫർ സോണാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയുമായി നേരിട്ട് ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും ചർച്ചയിലൂടെ പരിഹാരം കാണാനാണു താൽപര്യമെന്നും വ്യക്തമാക്കി.
യൂറോപ്യൻ നേതാക്കൾ ചർച്ചയ്ക്ക് ചൈനയിലേക്ക്
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ ദെർ ലെയനും ഏപ്രിലിൽ ചൈന സന്ദർശിക്കുമെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യയിലെത്തി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച കഴിഞ്ഞു മടങ്ങിയതിനു പിന്നാലെയാണ് യൂറോപ്യൻ നേതാക്കൾ ചൈനയിൽ ചർച്ചയ്ക്കെത്തുന്നത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വഴി കണ്ടെത്തണമെങ്കിൽ ചൈന പറയുന്നതു കേൾക്കണമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ബ്രസൽസിൽ യൂറോപ്യൻ കൗൺസിലുമായി കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ചൈനയ്ക്കുള്ള ആഗോളപ്രസക്തിയെപ്പറ്റി സാഞ്ചസ് അഭിപ്രായപ്പെട്ടത്.
English Summary : Russia Ukraine war continues