ADVERTISEMENT

ജറുസലം ∙ ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ മന്ത്രിസഭയിലും ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയിലും എതിർപ്പ് പരസ്യമായി. ജുഡീഷ്യറിയെ നിയന്ത്രിക്കുന്നതിനുള്ള പരിഷ്കരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് ആവശ്യപ്പെട്ടു. ലിക്കുഡ് പാർട്ടിയിലെ പ്രമുഖ നേതാക്കളായ യൂലി എദെൽസ്റ്റീൻ, ഡേവിഡ് ബിദൻ, എവി ഡിക്ടർ എന്നിവരും പരിഷ്കരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നീതിന്യായ സംവിധാനത്തെ വരുതിയിലാക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനെതിരെ 12 ആഴ്ചയായി ഇസ്രയേലിലെങ്ങും പ്രതിഷേധം ശക്തമാണ്.

‘‘ഇസ്രയേലിന്റെ സുരക്ഷയാണ് എന്റെ ജീവിത ലക്ഷ്യം. അതിന് ഇപ്പോഴത്തെ പരിഷ്കരണ നടപടികൾ നിർത്തിവച്ചേ തീരൂ’’ – നെതന്യാഹുവിന്റെ വിശ്വസ്തനായ ഗലാന്റ് പറഞ്ഞു. പരിഷ്കരണ നടപടിക്കെതിരെ സൈന്യത്തിൽ അമർഷം പടരുന്നത് ശ്രദ്ധിക്കാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പ്രതിഷേധം പരസ്യമാക്കിയ ഈ നാലു പേർ എതിർത്തു വോട്ടു ചെയ്താൽ നിയമം പാസാക്കാനാകില്ല. പാർലമെന്റിലെ ശക്തമായ വിദേശകാര്യ, പ്രതിരോധ സമിതിയുടെ അധ്യക്ഷനാണ് എദെൽസ്റ്റീൻ.

സർക്കാർ നടപടിക്കെതിരെ പ്രമുഖ ചരിത്രകാരൻ യുവാൽ നോഹ ഹരാരിയും പ്രതിഷേധം പരസ്യമാക്കി. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹു ജുഡീഷ്യറിയിൽ ഇടപെടുന്നത് ഭിന്നതാൽപര്യ ധാരണകൾക്ക് എതിരായതിനാൽ അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കണമെന്ന് മൂവ്മെന്റ് ഫോർ ക്വാളിറ്റി ഗവൺമെന്റ് ഇൻ ഇസ്രയേൽ ആവശ്യപ്പെട്ടു.

English Summary: Protest against Israel prime minister Benjamin Netanyahu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com