വാഷിങ്ടൻ ∙ എച്ച്1ബി വീസയിൽ യുഎസിലെത്തിയവർ നിലവിൽ തൊഴിൽരഹിതരായിട്ടുണ്ടെങ്കിൽ മറ്റു സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ഡയറക്ടർ ഉർ എം ജദുവ് നിർദേശിച്ചു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളിൽനിന്നു പിരിച്ചുവിട്ട ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ഉദ്ദേശിച്ചാണ് ഡയറക്ടർ ഈ നിർദേശം നൽകിയത്.
ഇനിയെന്തെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തവരായിരിക്കും പലരും. പക്ഷേ, ഒട്ടേറെ സാധ്യതകൾ മുന്നിലുണ്ട്. ജോലി പോയതിനാൽ 60 ദിവസത്തിനകം നാട്ടിലേക്കു മടങ്ങണമെന്നു തെറ്റിദ്ധരിച്ച് യുഎസ് വിടുന്നതിനു പകരം മറ്റു സാധ്യതകൾ അന്വേഷിക്കണമെന്നും ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പറ സ്റ്റഡീസിനെ (എഫ്ഐഐഡിഎസ്) യുഎസ്‌സിഐഎസ് അറിയിച്ചു. ജോലി നഷ്ടമായ എച്ച്1ബി വീസക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് എഫ്ഐഐഡിഎസ്.
യുഎസ് പത്രമായ വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞവർഷം നവംബർ മുതൽ ഇതുവരെ 2 ലക്ഷം ഐടി ജീവനക്കാരെയാണു പിരിച്ചുവിട്ടത്. ഇവരിൽ 40% ഇന്ത്യക്കാരാണെന്ന് കരുതുന്നു.
എച്ച്1ബി വീസ അപേക്ഷ: 65,000 പരിധി തികഞ്ഞു
∙ മാസ്റ്റർ ബിരുദ വീസയിലും 20,000 തികഞ്ഞു
വാഷിങ്ടൻ ∙ യുഎസ് അനുവദിക്കുന്ന എച്ച്1 ബി വീസയ്ക്കായി വാർഷിക പരിധിയായ 65,000 അപേക്ഷകൾ ലഭിച്ചതായി യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. മാസ്റ്റർ ബിരുദമുള്ളവർക്കായി നീക്കിവച്ചിരിക്കുന്ന 20,000 വീസകൾക്കും വേണ്ടത്ര അപേക്ഷകൾ ലഭിച്ചു. അടുത്ത വർഷത്തേയ്ക്കുള്ള എച്ച്1 ബി വീസയ്ക്കായി ഈ മാസം ഒന്നിനാണ് ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തിൽതന്നെ ആവശ്യത്തിന് അപേക്ഷകൾ ലഭിച്ചു. ഇവരെ അടുത്ത നടപടിക്രമങ്ങളുടെ വിവരം അറിയിച്ചിട്ടുണ്ട്.
ഐടി ഉൾപ്പെടെ മേഖലകളിലെ വിദേശികളായ പ്രഫഷനലുകൾക്ക് 65,000 റെഗുലർ വീസകളും യുഎസ് സർവകലാശാലയിൽനിന്ന് മാസ്റ്റേഴ്സോ അതിനു മുകളിലോ ഉന്നതപഠനം പൂർത്തിയാക്കിയവർക്ക് 20,000 വീസകളുമാണ് നൽകുന്നത്.
English Summary : H1B visa laid off people can seek other job options