ജപ്പാൻകടലിൽ റഷ്യ മിസൈൽ പരീക്ഷിച്ചു; തൊടുത്തത് കപ്പൽവേധ മധ്യദൂര മിസൈൽ

SHARE

ടോക്കിയോ, കീവ് ∙ ജപ്പാൻകടലിൽ റഷ്യ സൂപ്പർസോണിക് മിസൈൽ പരീക്ഷിച്ചു. യുദ്ധക്കപ്പലുകളെ ലക്ഷ്യമിടുന്ന മോഷ്കിറ്റ് മധ്യദൂര മിസൈൽ 100 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്താണു പതിച്ചത്. 125 കിലോമീറ്റർ പരിധിയിലുള്ള കപ്പലുകളെ തകർക്കാൻ ഈ മിസൈലിനാകും. റഷ്യയുടെ സൈനികാഭ്യാസം നിരീക്ഷിക്കുന്നുണ്ടെന്നും മിസൈൽ പ്രയോഗത്തിൽ നാശമില്ലെന്നും ജപ്പാൻ വിദേശകാര്യമന്ത്രി യോഷിമാസ ഹയാഷി പറഞ്ഞു. 

ഇതേസമയം, സാപൊറീഷ്യ ആണവനിലയം റഷ്യൻസേന വിലപേശലിനായി നിയന്ത്രണത്തിൽ വച്ചിരിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. റഷ്യ അവിടം വിടാതെ നിലയത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യ മാസങ്ങളായി റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്. മേഖലയിൽ തുടരുന്ന ഏറ്റുമുട്ടൽ ആണവവികിരണ ഭീഷണി ഉയർത്തുന്നുണ്ട്. തെക്കുകിഴക്കൻ സാപൊറീഷ്യ സെലെൻസ്കി സന്ദർശിച്ചു. 

യുദ്ധം 14–ാം മാസത്തിലേക്കു പ്രവേശിക്കുമ്പോൾ യുക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ എത്തിക്കാനാണു പാശ്ചാത്യസഖ്യത്തിന്റെ തീരുമാനം. ഇതിനു മറുപടിയായി, ബെലാറൂസിൽ അണ്വായുധങ്ങൾ വിന്യസിക്കാൻ കരാറായെന്ന് കഴിഞ്ഞ ശനിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ വ്യക്തമാക്കിയിരുന്നു. ബെലാറൂസും ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രെയ്നിനോടു ചേർന്നുകിടക്കുന്ന ബെലാറൂസിന്റെ അതിർത്തിയിലൂടെയാണു റഷ്യൻ സേന ആദ്യം കീവ് ലക്ഷ്യമാക്കി നീങ്ങിയത്. 

English Summary: Russia test fires supersonic missiles at target in sea of Japan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.