രാഷ്ട്രീയം ആർക്കും അന്യമല്ല: ജസിൻഡ; ന്യൂസീലൻഡ് മുൻപ്രധാനമന്ത്രിയുടെ വികാരനിർഭരമായ വിടവാങ്ങൽ
Mail This Article
വെല്ലിങ്ടൻ ∙ രാഷ്ട്രീയം ആർക്കും അന്യമല്ലെന്നും തന്റെ രാഷ്ട്രീയജീവിതം മറ്റുള്ളവർക്കു പ്രചോദനമാകുമെന്നും പാർലമെന്റിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ന്യൂസീലൻഡ് മുൻപ്രധാനമന്ത്രി ജസിൻഡ ആർഡേൻ പറഞ്ഞു. ‘ഉത്കണ്ഠ നിങ്ങളെ അലട്ടുന്നുണ്ടാകാം, നിങ്ങൾ ലോലമനസ്കരോ ദയാലുവോ ആകാം. വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കുന്നവരാകാം, അമ്മയാകാം, കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്യുന്നവരാകാം. ഇതെല്ലാമായാലും എന്നെപ്പോലെ ഇവിടെവരെ എത്താനും രാജ്യത്തെ നയിക്കാനും നിങ്ങൾക്കുമാകും’– 35 മിനിറ്റ് നീണ്ട വികാരനിർഭരമായ പ്രസംഗത്തിൽ ജസിൻഡ പറഞ്ഞു.
2017 ൽ 37–ാം വയസ്സിൽ ന്യൂസീലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ ജസിൻഡ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 2019 ലെ ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം, അഗ്നിപർവതദുരന്തം, കോവിഡ് വ്യാപനം എന്നീ പ്രതിസന്ധികളെ അതിജീവിച്ചു. ‘മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരവും പ്രയാസകരമായവുമായ ഘട്ടങ്ങൾ ഞാൻ അവരോടൊപ്പം പങ്കിട്ടു. അവരുടെ കഥകളും മുഖങ്ങളും എന്റെ മനസ്സിൽ എന്നുമുണ്ടാകും’– ജസിൻഡ പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ കൈക്കുഞ്ഞുമായി പ്രത്യക്ഷപ്പെട്ടു രാജ്യാന്തരശ്രദ്ധ നേടി. 2020 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കു വൻജയം നേടിക്കൊടുത്തു. എന്നാൽ, രാജ്യത്തെ വിലക്കയറ്റം, ഉയരുന്ന കുറ്റകൃത്യം, കാർഷികമേഖലയിലെ വിവാദപരിഷ്കാരങ്ങൾ എന്നിവ തിരിച്ചടിയായി. രാജ്യത്തെ നയിക്കാൻ തന്റെ കയ്യിൽ ഇനിയൊന്നുമില്ലെന്നു പറഞ്ഞാണു കഴിഞ്ഞ ജനുവരിയിൽ നാടകീയമായി പ്രധാനമന്ത്രി പദമൊഴിഞ്ഞത്. ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന ഭീകരതയും തീവ്രവാദവും തടയാനുള്ള രാജ്യാന്തര സംരംഭത്തെ നയിക്കുകയാണു ജസിൻഡയുടെ അടുത്ത ദൗത്യം.
English Summary: Newzealand former prime minister Jacinda Ardern farewell speech