ADVERTISEMENT

ലണ്ടൻ ∙ ചാൾസ് രാജാവിനെയും കാമില രാജ്ഞിയെയും എല്ലാ പുതുമോടിയോടെയും കാണാൻ ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ കൂടാരമടിച്ചവർ കുട നിവർത്തി, മഴക്കോട്ടിട്ടു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തെളിഞ്ഞുനിന്ന ആകാശമാണ് പൊടുന്നനെ കാർമേഘം മൂടി മഴയിലേക്കു മാറിയത്. ഇന്നലെ പകൽ 11.45ന് പെട്ടെന്ന് കനത്ത മഴ. ഇന്ന് ഇതേ സമയം കിരീടധാരണച്ചടങ്ങുകൾ നടക്കുമ്പോൾ മഴ പെയ്യാനുള്ള സാധ്യത 70 ശതമാനമാണെന്നാണു കാലാവസ്ഥാ പ്രവചനം. 

രാജകുടുംബം താമസിക്കുന്ന ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിലും കിരീടധാരണച്ചടങ്ങു നടക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബിക്കു സമീപവും ആൾ‍ക്കൂട്ടമുണ്ട്. കിരീടധാരണച്ചടങ്ങിലെ ഘോഷയാത്ര കാണാനെത്തിയവരും ബക്കിങ്ങാം കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നു രാജാവിന്റെ അഭിവാദ്യം ഏറ്റുവാങ്ങാൻ എത്തിയവരുമൊക്കെ ഇതിലുണ്ട്. പെട്ടിയും ബാഗുമെല്ലാമായി രാത്രി തങ്ങാൻ തയ്യാറായി വന്നവരാണു പലരും. 

ഘോഷയാത്രയിൽ പങ്കെടുക്കുന്ന സൈനികരുടെ യൂണിഫോമിലെ ‘ഇ’ (എലിസബത്ത്) എന്നെഴുതിയ 160 ബട്ടനുകൾ വീതം മാറ്റി പകരം ‘സി’ (ചാൾസ്) ബട്ടനുകൾ വച്ചു പൂർത്തിയാക്കിയ തയ്യൽക്കാർ... രാജാവിനെതിരെ ബാനറുമായി ഘോഷയാത്രയുടെ വഴിയെ അണിനിരക്കാൻ ശ്രമിക്കുന്നവർ... പല രീതികളിലെങ്കിലും ബ്രിട്ടൻ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഇനി മണിക്കൂറുകൾ മാത്രം. 

പ്രശ്നക്കാർ വന്നോട്ടെ

രാജവാഴ്ച തന്നെ ആവശ്യമില്ലാത്തതെന്നു പറഞ്ഞു പ്രതിഷേധിക്കാൻ വരുന്ന റിപ്പബ്ലിക്കൻമാരെ ഒഴിവാക്കേണ്ടെന്നാണ് പൊലീസിനുള്ള നിർദേശം. പ്രശ്നമുണ്ടാക്കാതെ നോക്കണമെന്നു മാത്രം. എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിനെക്കാൾ കൂടിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. തത്സമയ മുഖം തിരിച്ചറിയൽ ക്യാമറ വഴി പരിശോധിച്ച് പ്രശ്നക്കാരെ  മാറ്റിനിർത്തും. 

കെട്ടിടങ്ങൾക്കു മുകളിൽ ഷാർപ് ഷൂട്ടർമാർ, വ്യോമയാന നിരീക്ഷണം എന്നിവയുമുണ്ട്. റിപ്പബ്ലിക്കൻമാർക്കു പുറമേ ജസ്റ്റ് സ്റ്റോപ് ഓയിൽ സംഘമാണ് മറ്റൊരു ഭീഷണി. ലക്ഷ്യം നേടാൻ അക്രമരഹിതമായ എന്തു മാർഗവും സ്വീകരിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. 

കനത്ത സുരക്ഷയെന്ന പ്രതീതി ഉണ്ടാക്കാത്ത, ബഹളമില്ലാത്ത അന്തരീക്ഷമാണെങ്ങും. വൊളന്റിയർമാരിൽ പലരും ഹിന്ദി സംസാരിക്കുന്നതു കേട്ടു. പൊലീസുകാർ കാഴ്ചക്കാർക്കൊപ്പം നിന്നു ഫോട്ടോയെടുക്കുന്നു. ഔപചാരികതയ്ക്കിടയിലും ഉത്സവപ്രതീതിയും കൂട്ടായ്മയുടെ സൗന്ദര്യവുമാണ് നിറഞ്ഞുനിൽക്കുന്നത്.

ധൻകർ എത്തി

വിശിഷ്ടാതിഥിയായി ലണ്ടനിലെത്തിയ ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സ്വീകരണവിരുന്നിൽ ചാൾസ് രാജാവുമായി സംഭാഷണം നടത്തി. ഭാര്യ സുദേഷ് ധൻകറും ഉപരാഷ്ട്രപതിക്ക് ഒപ്പമുണ്ട്. 

ലണ്ടനിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ചാൾസ് രാജാവിനൊപ്പം.
ലണ്ടനിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ചാൾസ് രാജാവിനൊപ്പം.

പ്രതിഷേധം, വിമർശനം

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ രാജാവിന്റെ കിരീടധാരണച്ചടങ്ങ് ഇത്രയും ആർഭാടത്തോടെ നടത്തുന്നതിനെതിരെ മുൻ കോളനികളിലും ബ്രിട്ടനിൽത്തന്നെയും പ്രതിഷേധം ശക്തം. ബ്രിട്ടിഷ് രാജമേൽക്കോയ്മ ഔപചാരികമായാണെങ്കിലും ഇന്നും നിലവിലുള്ള ഓസ്ട്രേലിയ, കാനഡ, ജമൈക്ക ഉൾപ്പെടെ 14 രാജ്യങ്ങളിൽ പലയിടത്തും പ്രതിഷേധ സ്വരങ്ങൾ ഉയർന്നിട്ടുണ്ട്. 

ബ്രിട്ടിഷ് സാമ്രാജ്യത്വം കോളനിരാജ്യങ്ങളോടു ചെയ്ത ക്രൂരതകൾക്കു മാപ്പു പറയണമെന്നാവശ്യപ്പെട്ട് 12 കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചാൾസ് രാജാവിന് കത്തയച്ചിരുന്നു. നികുതിപ്പണം ഉപയോഗിച്ചു നടത്തുന്ന കിരീടധാരണച്ചടങ്ങിൽ ബ്രിട്ടനിലെ 64% പേർക്കും താ‍ൽപര്യമില്ലെന്ന് ഈ മാസം നടന്ന ‘യുഗവ്’ സർവേയിൽ കണ്ടെത്തിയിരുന്നു. 1022 കോടി രൂപയാണ് ചടങ്ങിന്റെ ചെലവ്.

Content Highlights: King Charles III, Coronation of King Charles III, United Kingdom, British Royal Family, Britain, King Charles Coronation Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com