മോസ്കോ ∙ യുക്രെയ്ൻ സൈന്യം രൂപം നൽകിയ ‘അട്ടിമറിസംഘം’ അതിർത്തി കടന്നെത്തി ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതായി റഷ്യ ആരോപിച്ചു. എന്നാൽ, ഫ്രീഡം ഓഫ് റഷ്യ ലീജിയൻ എന്ന സേനയുമായി ബന്ധമില്ലെന്നും റഷ്യയുടെ ഏകാധിപത്യത്തിനെതിരെ പോരാടുന്ന അവിടത്തെ പൗരന്മാരാണ് അതിനു പിന്നിലെന്നും യുക്രെയ്ൻ വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ മേഖലയിലെ ബെൽഗൊരോഡിൽ അതിർത്തി കടന്നെത്തി തങ്ങളുടെ പ്രദേശം ഇവർ പിടിച്ചെടുത്തതായാണ് റഷ്യ ആരോപിച്ചത്.
റഷ്യയിലെ 2 ഗ്രാമങ്ങൾ മോചിപ്പിച്ചതായി ഫ്രീഡം ഓഫ് റഷ്യ ലീജിയൻ പറഞ്ഞു. വ്ലാഡിമിർ പുട്ടിന്റെ നിയന്ത്രണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ഉദ്ദേശിച്ചുള്ള സംഘടന യുക്രെയ്ൻ പക്ഷത്തുനിന്നാണ് പോരാടുന്നത്. ഈ സേനയെ ഉന്മൂലനം ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ, ബെലാറസ് സൈന്യങ്ങളിൽ നിന്ന് പുറത്തുവന്നവർ 2022 മാർച്ചിൽ രൂപീകരിച്ച ഈ സേനയെ റഷ്യൻ സുപ്രീംകോടതി ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, യുക്രെയ്നിലെ ബഹ്മുത് നഗരം പൂർണമായും നിയന്ത്രണത്തിലാക്കിയെന്നും ജൂൺ ഒന്നിന് സൈന്യത്തിനു കൈമാറുമെന്നും റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‍നർ ഗ്രൂപ്പിന്റെ തലവൻ യവ്ജനി പ്രിഗോസിൻ പറഞ്ഞു. എന്നാൽ, പ്രിഗോസിന്റെ അവകാശവാദം യുക്രെയ്ൻ സേന തള്ളി. ബഹ്മുതിൽ പോരാട്ടം തുടരുകയാണെന്നു യുക്രെയ്ൻ വ്യക്തമാക്കി.
English Summary : Russia Ukraine war, Military group will 'liberate' Russia