നയ്റോബി (കെനിയ) ∙ ആധുനിക മനുഷ്യന് (ഹോമോ സാപിയൻസ്) ഒരു ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഹോമോ നാലെദി വംശത്തിലെ ജീവികൾ മരിച്ചവരെ സംസ്കരിക്കുകയും ഗുഹാചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നതായി ഗവേഷകർ വെളിപ്പെടുത്തി. മനുഷ്യ മസ്തിഷ്കത്തിന്റെ മൂന്നിലൊന്നു വലിപ്പം മാത്രമേ ഹോമോ നാലെദി വംശത്തിന്റെ മസ്തിഷ്കത്തിന് ഉണ്ടായിരുന്നുള്ളൂ. വംശനാശം സംഭവിച്ച ഈ ജീവികളെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ മനുഷ്യപരിണാമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയേക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
2013 ൽ ദക്ഷിണാഫ്രിക്കയിലെ ഗുഹയിൽ നിന്നാണ് ഹോമോ നാലെദിയുടെ ഫോസിലുകൾ ആദ്യമായി കണ്ടെത്തിയത്. ഇതുവരെ 15 ഫോസിലുകൾ ലഭിച്ചു. മനുഷ്യരുടെ ആദ്യകാല ശ്മശാനങ്ങളെക്കാൾ ഒരു ലക്ഷം വർഷമെങ്കിലും പഴക്കമുള്ളതാണ് ഹോമോ നാലെദിയുടെ സംസ്കാര സ്ഥലങ്ങൾ. ഗുഹകളിൽ കണ്ടെത്തിയ ചിത്രങ്ങൾക്ക് മൂന്നര ലക്ഷം വർഷം വരെ പഴക്കമുണ്ടെന്നാണു കണക്കാക്കുന്നത്. ഗുഹാചിത്രങ്ങൾ ആധുനിക മനുഷ്യന്റെ മാത്രം സൃഷ്ടിയാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം.
English Summary : Pre-human beings performed cremation