ന്യൂയോർക്ക് ∙ ഫ്രഞ്ച് ചിത്രകാരിയും എഴുത്തുകാരിയും വിഖ്യാത ചിത്രകാരൻ പിക്കാസോയുടെ പ്രണയിനിയുമായിരുന്ന ഫ്രാൻസ്വ ജിലോ (101) അന്തരിച്ചു. 1921ൽ പാരിസിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച ഫ്രാൻസ്വ 1943 ൽ ഒരു റസ്റ്ററന്റിൽ വച്ചാണ് പിക്കാസോയെ പരിചയപ്പെടുന്നത്. ഒരു വർഷത്തിനുള്ളിൽ ഇരുവരും പ്രണയത്തിലാകുമ്പോൾ ഫ്രാൻസ്വയ്ക്ക് 22 വയസ്സാണ് പ്രായം; പിക്കാസോയ്ക്ക് 62. ഇവർക്ക് 2 കുട്ടികളുണ്ടായി. പിക്കാസോ പുതിയ ബന്ധങ്ങൾ ആരംഭിച്ചതോടെ ഫ്രാൻസ്വ പിരിഞ്ഞു. തുടർന്നും ഇരുവരും സൗഹൃദം തുടർന്നു.
1964 ൽ പ്രസിദ്ധീകരിച്ച ‘ലൈഫ് വിത് പിക്കാസോ’ എന്ന പുസ്തകമാണ് ഫ്രാൻസ്വയെ ലോകപ്രശസ്തയാക്കിയത്. പുസ്തകം ബെസ്റ്റ് സെല്ലറായതോടെ പിക്കാസോ ഫ്രാൻസ്വയും മക്കളുമായുമുള്ള ബന്ധം ഉപേക്ഷിച്ചു. 1966 ൽ പുറത്തിറങ്ങിയ ‘സർവൈവിങ് പിക്കാസോ’ എന്ന സിനിമ ഫ്രാൻസ്വയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു.
പുസ്തകം പോലെ തന്നെ ജനപ്രിയമായിരുന്നു ഫ്രാൻസ്വയുടെ ചിത്രങ്ങളും. വിവിധ രാജ്യങ്ങളിലെ ആർട് ഗാലറികളിൽ ഫ്രാൻസ്വയുടെ ചിത്രങ്ങൾ വൻ വിലയ്ക്കു വിറ്റുപോയി. 1965 ൽ ഫ്രാൻസ്വ വരച്ച മകളുടെ ഒരു പോർട്രെയ്റ്റ് 2021 ൽ 10 കോടിയിലേറെ രൂപയ്ക്കാണ് ലേലത്തിൽ പോയത്.
ആദ്യത്തെ സുരക്ഷിത പോളിയോ വാക്സീൻ വികസിപ്പിച്ചെടുത്ത അമേരിക്കൻ ഗവേഷകൻ ജൊനാസ് സാൾകിനെ 1970 ൽ വിവാഹം ചെയ്ത ഫ്രാൻസ്വയുടെ തുടർന്നുള്ള ജീവിതം ന്യൂയോർക്കിലും പാരിസിലുമായായിരുന്നു. 2010 ൽ ഫ്രഞ്ച് സർക്കാർ പരമോന്നത ബഹുമതിയായ ലീജിയൻ ഓഫ് ഓണർ നൽകി ആദരിച്ചു. ഹൃദയ, ശ്വാസകോശ രോഗങ്ങളെത്തുടർന്ന് ന്യൂയോർക്കിലെ അപ്പാർട്മെന്റിലായിരുന്നു അന്ത്യം.
English Summary: Artist, writer and picasso's lover Francoise Gilot passes away