ADVERTISEMENT

ന്യൂഡൽഹി ∙ എട്ടര ലക്ഷം സൈനികരും അത്യാധുനിക ആയുധങ്ങളും കൈവശമുള്ള റഷ്യൻ സൈന്യത്തിനെതിരെ പീരങ്കിക്കും ടാങ്കിനുമപ്പുറം വൻ ആയുധങ്ങളൊന്നുമില്ലാത്ത 25,000 കൂലിപ്പടയാളികൾക്ക് എന്തുചെയ്യാൻ കഴിയും ? പലതും ചെയ്യാൻ കഴിയും; വേണമെങ്കിൽ ദേശീയ സൈന്യത്തിന്റെ മനോവീര്യം തകർത്ത് അവരെ ചിതറിയോടിക്കാൻ പോലും. വാഗ്നർ സൈന്യം റോസ്തോവ് നഗരത്തിലെ റഷ്യയുടെ തെക്കൻ സൈനികാസ്ഥാനം വരെ കയ്യടക്കിയെന്നു കേൾക്കുമ്പോൾ പലരും ചോദിക്കുന്നതാണിത്. ആരാണിവർ ? 

സോവിയറ്റ് തകർച്ചയുടെ ബാക്കി 

സ്വകാര്യ സൈന്യമായാണ് വാഗ്നർ സൈനികർ സ്വയം വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡ് കമ്പനികളുടെ സൈനികരൂപമെന്നു വേണമെങ്കിൽ പറയാം. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് റഷ്യയിലും വിട്ടുപോയ റിപ്പബ്ലിക്കുകളിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും നിയമവാഴ്ച തകർന്നതോടെ, വൻ ബിസിനസ് സ്ഥാപനങ്ങളും എണ്ണക്കമ്പനികളും ഖനിയുടമകളും ബാങ്കുകളും മറ്റും സ്ഥാപനങ്ങളുടെ സംരക്ഷണത്തിനു രൂപീകരിച്ചു തുടങ്ങിയവയാണിവ. അവയിൽ ചിലതു വളർന്ന് അന്നത്തെ അരാജകത്വം മുതലെടുത്തു ചെറു സൈന്യങ്ങളായി മാറി. (അക്കാലത്ത് മനോരമയ്ക്കുവേണ്ടി റിപ്പോർട്ടിങ്ങിനായി പലതവണ റഷ്യ സന്ദർശിച്ച ഈ ലേഖകൻ ഇത്തരം ചെറു ഗ്രൂപ്പുകളെ കണ്ടിരുന്നു. മോസ്കോയിലെ കമ്പോളങ്ങളിലേക്കു പച്ചക്കറി എത്തിച്ചിരുന്ന ലോജിസ്റ്റിക്സ് കമ്പനികൾക്കു കലാഷ്നിക്കോവ് റൈഫിളുകളും മറ്റുമേന്തി സംരക്ഷണം നൽകിയിരുന്ന ഒരു സംഘത്തിന്റെ തലവനുമായി അഭിമുഖം നടത്തിയതും ഓർക്കുന്നു). 

മുൻ സൈനികരുടെ സേന

ഇത്തരം സ്വകാര്യസേനകളുടെ ഉടമകൾ, അല്ലെങ്കിൽ കമാൻഡർമാർ, മിക്കവാറും മുൻ സൈനികോദ്യോഗസ്ഥരായിരിക്കും. പട്ടാളക്കാരായി ചേരുന്നവരിൽ 99 ശതമാനവും മുൻസൈനികരും അർധസൈനികരും പൊലീസുകാരും. മിക്ക രാജ്യങ്ങളിലും അഞ്ചോ പത്തോ കൊല്ലത്തെ നിർബന്ധിത സൈനികസേവനം കഴിഞ്ഞ് ഏതാണ്ട് 30–35 വയസ്സിൽ വിരമിച്ച, ശാരീരികബലം നഷ്ടപ്പെടാത്തവർ. (അഗ്നിപഥ് സമ്പ്രദായത്തിൽ 4 കൊല്ലത്തെ സൈനികസേവനം കഴിഞ്ഞ് തൊഴിൽ ലഭിക്കാതെ വരുന്നവരുണ്ടെങ്കിൽ അവരെ ഉപയോഗിച്ച് ഇതുപോലുള്ള സൈനിക കമ്പനികൾ രൂപീകരിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്).

പുതുതായി പരിശീലനം നൽകേണ്ട എന്നതിനാൽ ഇത്തരം കൂലിപ്പട്ടാള കമ്പനികൾ രൂപീകരിക്കാൻ വൻ സന്നാഹങ്ങളൊന്നും വേണ്ട. അതിനാൽ ദേശീയസൈന്യത്തെക്കാൾ ഉയർന്ന ശമ്പളം നൽകാൻ കഴിയും. റഷ്യയിൽ മാത്രമല്ല, ചില കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഇത്തരം കൂലിപ്പട്ടാള കമ്പനികളുണ്ട്. പശ്ചിമേഷ്യയിൽ റഷ്യ നടത്തുന്ന പല സൈനിക ഇടപെടലുകളിലും ഇവരെയാണ് ഉപയോഗിക്കുന്നതെന്നാണു പാശ്ചാത്യലോകത്ത് ഉയരുന്ന ആരോപണം. ഇങ്ങനെ വളർന്ന ഒന്നാണ് വാഗ്നർ ഗ്രൂപ്പ്. 

വ്ലാഡിമിർ പുട്ടിന്റെ സുഹൃത്തായി അറിയപ്പെട്ടിരുന്ന യെവ്ജെനി പ്രിഗോഷിനാണ് വാഗ്നർ സൈന്യത്തിന്റെ കമാൻഡറും ഉടമയും. വിഖ്യാത ജർമൻ സംഗീതജ്ഞൻ റിച്ചഡ് വാഗ്നറോടുള്ള ആരാധന മൂലമാണ് പ്രിഗോഷിൻ തന്റെ കൂലിപ്പട്ടാളത്തിന് ഈ പേരിട്ടതെന്നു പറയപ്പെടുന്നു. പുട്ടിന്റെ സുഹൃത്തുക്കളായ വൻ വ്യവസായികൾ വാടകയ്ക്കെടുത്താണത്രെ കമ്പനി വളർന്നത്. 

ഒരു നിയമവും പാലിക്കേണ്ട

റഷ്യൻ സൈന്യത്തോടൊപ്പം യുക്രെയ്നിൽ പൊരുതിയിരുന്നവരാണ് വാഗ്നർ കൂലിപ്പടയാളികൾ. ദേശീയ സൈന്യത്തെക്കൊണ്ടു ചെയ്യിക്കാൻ മടിക്കുന്ന, അല്ലെങ്കിൽ അവർ ചെയ്യാൻ അറയ്ക്കുന്ന പലതുമാണ് ഇവരെക്കൊണ്ടു ചെയ്യിച്ചിരുന്നതെന്നു പറയപ്പെടുന്നു. ദേശീയ സൈന്യം പേരിനെങ്കിലും ജനീവ കൺവൻഷൻ നിയമങ്ങൾ പാലിക്കാറുണ്ട്. അവയൊന്നും കൂലിപ്പട്ടാളങ്ങളെ ബാധിക്കാറില്ല. സിവിലിയൻ പ്രദേശങ്ങളിൽ ബോംബിങ് നടത്തുക, കീഴടങ്ങുന്ന ശത്രുസൈനികരെ പീഡിപ്പിക്കുക, യൂണിഫോമോ റെജിമെന്റൽ ചിഹ്നങ്ങളോ ധരിക്കാതെ ശത്രുപാളയത്തിലെത്തി അട്ടിമറി നടത്തുക തുടങ്ങിയവയാണ് ഇവരുടെ പ്രധാനജോലി. ദേശീയ സൈന്യത്തിന്റെ ഫോർമേഷനുകളുമായി പൊരുതുമ്പോൾ ഇവർക്കു പലപ്പോഴും മേൽക്കൈ ലഭിക്കുന്നതും ഇതുകൊണ്ടാണ് – എന്തും ചെയ്യാൻ മടിയില്ല. 

മറ്റൊരു കാരണം കൂടിയുണ്ട്. ദേശീയ സൈന്യത്തിൽ താഴേത്തട്ടിലുള്ള പടയാളികളിൽ നല്ലൊരു ശതമാനവും നിർബന്ധിത റിക്രൂട്ടുകളാണ്. ദേശീയ നിയമമനുസരിച്ചുള്ള നിർബന്ധിത സൈനികസേവനം പൂർത്തിയാക്കി എങ്ങനെയെങ്കിലും തിരിച്ചുപോകാനാഗ്രഹിക്കുന്നവർ. അവർക്കു പോരാട്ടവീര്യവും മികവും തുലോം കുറവായിരിക്കും. 

കൂലിപ്പട്ടാളക്കാർ അങ്ങനെയല്ല. പരിശീലനം കഴിഞ്ഞ് അഞ്ചോ പത്തോ കൊല്ലം പൂർത്തിയാക്കിയശേഷം സിവിൽ തൊഴിലൊന്നും ലഭിക്കാതെ വീണ്ടും പോരാട്ടത്തിനിറങ്ങിയവർ. സ്വകാര്യജീവിതം താറുമാറായവരാണ് നല്ലൊരു പങ്കെന്ന് അമേരിക്കയിലെ നാഷനൽ ഡിഫൻസ് യൂണിവേഴ്സിറ്റിക്കു വേണ്ടി ഇതേക്കുറിച്ചു പഠനം നടത്തിയ സൈനിക കരാറുകാരൻ ഷാങ് മക്ഫേറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 

English Summary : Wagner's army is an army of ex-soldiers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com