ADVERTISEMENT

സെന്റ് ജോൺസ്, ന്യൂഫൗണ്ട്‌ലാൻഡ് (കാനഡ) ∙ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ ദുരന്തത്തിൽപെട്ട ടൈറ്റൻ പേടകത്തിന്റെ യന്ത്രഭാഗങ്ങളിൽനിന്ന് മൃതദേഹങ്ങളുടെ ശേഷിപ്പും കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ഇന്നലെ കടലിനടിയിൽ നിന്നു വീണ്ടെടുത്ത സമുദ്രപേടകത്തിന്റെ ഭാഗങ്ങൾ കരയിൽ എത്തിച്ചു പരിശോധിച്ചതിനു ശേഷമാണ് സ്ഥിരീകരണം. മൃതദേഹാവശിഷ്ടങ്ങൾ പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചു വിലയിരുത്തും. 

കടലിനടിയിൽ 3,800 അടി താഴ്ചയിൽ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ സമീപത്തുനിന്നാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്തത്. ബുധനാഴ്ച കാനഡയുടെ തീരത്തെത്തിച്ച അവശിഷ്ടങ്ങൾ യുഎസിലെത്തിച്ച ശേഷമായിരിക്കും തുടർപരിശോധന. ദുരന്തത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനും ഇത്തരമൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ വേണ്ടത് ചെയ്യാനും പേടകാവശിഷ്ടങ്ങളുടെ പരിശോധനയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. പേടകത്തിൽ സഞ്ചാരവിവരങ്ങൾ തത്സമയം രേഖപ്പെടുത്തുന്ന വോയേജ് ഡേറ്റ റിക്കോർഡറും കണ്ടെടുത്തതായി ഇതേപ്പറ്റി അന്വേഷിക്കുന്ന മറൈൻ ബോർഡ് മേധാവി ക്യാപ്റ്റൻ ജേസൻ ന്യൂബൗവർ വ്യക്തമാക്കി. 

ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ ഉൾസ്ഫോടനത്തിനു കാരണമായെന്നാണ് നിഗമനം. അവശിഷ്ടങ്ങളുടെ ഘടനയും ഇതു ശരിവയ്ക്കുന്നു.

English Summary: Human Remains' Recovered From Wreckage Of Titanic Sub: US Coast Guard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com