ADVERTISEMENT

ന്യൂ മെക്സിക്കോ ∙ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്കു യുഎസ് ബഹിരാകാശ കമ്പനിയായ വെർജിൻ ഗലാക്റ്റിക് തുടക്കമിട്ടു. റിച്ചഡ് ബ്രാൻസന്റെ നേതൃത്വത്തിൽ ആദ്യയാത്ര നടത്തി 2 വർഷം തികയുമ്പോഴാണ് 3 സഞ്ചാരികളും 3 ജീവനക്കാരുമായി ആദ്യത്തെ റോക്കറ്റ് വിമാനം ബഹിരാകാശത്തേക്കു കുതിച്ചത്. ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 8 മണിക്ക് പുറപ്പെട്ട വിമാനം 90 മിനിറ്റ് ദൈർഘ്യമുള്ള ഗലാക്റ്റിക് 01 എന്ന ദൗത്യം പൂർത്തിയാക്കി ഒൻപതരയോടെ തിരികെയെത്തി. 

2 ഇറ്റാലിയൻ എയർഫോഴ്സ് കേണൽമാരും നാഷനൽ റിസർച് കൗൺസിൽ ഓഫ് ഇറ്റലിയിലെ എയറോസ്പേസ് എൻജിനീയറും ആയിരുന്നു കന്നിയാത്രയിലെ സഞ്ചാരികൾ. രണ്ട് പൈലറ്റുമാരും പരിശീലകനും ഇവരെ കൊണ്ടുപോയി. 

ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ നിന്നു പറന്നുയർന്ന വിമാനം 80 കിലോമീറ്റർ ഉയരത്തിൽ പറന്ന് ബഹിരാകാശ പരിധിയിൽ പ്രവേശിച്ചു. സൂപ്പർസോണിക് റോക്കറ്റ് വേഗം, മൈക്രോ ഗ്രാവിറ്റി, ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങിയ ആസ്വദിക്കാൻ 4.5 ലക്ഷം ഡോളർ (3.7 കോടി രൂപ) വരെയാണ് ടിക്കറ്റ് നിരക്ക്. ഇതിനകം 800 പേർ ബുക്ക് ചെയ്തിട്ടുണ്ട്. ഭൂമിയിൽ നിന്ന് 80 കിലോമീറ്ററിനപ്പുറം പോകുന്നവരെ നാസയും യുഎസ് എയർ ഫോഴ്സും ബഹിരാകാശ സഞ്ചാരികളായാണ് കണക്കാക്കുന്നത്. 

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ, ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് എന്നീ കമ്പനികളെ പിന്നിലാക്കിയാണു വെർജിൻ ഗലാക്റ്റിക് വാണിജ്യാടിസ്ഥാനത്തിൽ സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. 

English Summary: Virgin Galactic completes first commercial flight in major step for space tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com