ADVERTISEMENT

പാരിസ് ∙ ഗഹനവും സുന്ദരവുമായ ദാർശനിക ചിന്തകളുടെ ചിറകേറിയ രചനകളിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച വിഖ്യാത എഴുത്തുകാര‍ൻ മിലൻ കുന്ദേര (94) പാരിസിൽ അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു.

1984 ൽ പുറത്തുവന്ന ‘ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിങ്’ ആണ് ഏറ്റവും പ്രശസ്തമായ നോവൽ. ദ് ജോക്ക് (1967), ലൈഫ് ഇസ് എൽസ്‌വെയർ (1969), ദ് ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫോർഗെറ്റിങ് (1978), ഇമ്മോർട്ടാലിറ്റി (1988) സ്ലോനെസ് (1995), ഐഡന്റിറ്റി (1998), ഇഗ്നറൻസ് (2000), ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് (2014) എന്നിവയും ശ്രദ്ധേയ കൃതികളാണ്.

1929 ഏപ്രിൽ ഒന്നിനു ചെക്കോസ്ലൊവാക്യയിലെ ബേണോയിൽ ജനിച്ച കുന്ദേര രണ്ടാം ലോകയുദ്ധത്തിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. എന്നാൽ, കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെയും വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയും ശബ്ദമുയർത്തിയതോടെ പാർട്ടി വിമതനായി. 1968 ൽ ഡ്യൂബ് ചെക്കിന്റെ നേതൃത്വത്തിൽ രാജ്യത്തു നടപ്പാക്കിയ ഉദാരവൽക്കരണനടപടികളുടെ ശക്തനായ വക്താവായി രംഗത്തുവന്ന കുന്ദേര, സോവിയറ്റ് സൈന്യം ചെക്കോസ്ലോവാക്യയിൽ കടന്നുകയറി ആധിപത്യം സ്ഥാപിച്ചതോടെ അവർ നിയമിച്ച പാർട്ടി നേതൃത്വത്തിന് അനഭിമതനായി. കുന്ദേര കൂടി മുൻനിരയിൽനിന്ന, ‘പ്രാഗ് വസന്തം’ എന്നറിയപ്പെട്ട സ്വാതന്ത്ര്യദാഹികളുടെ ചെറുത്തുനിൽപ് ചെമ്പടയുടെ ബൂട്ടിനടിയിൽ ഞെരിഞ്ഞമർന്നു. ചെക്കോസ്ലൊവാക്യയിൽ ജീവിതം പ്രതിസന്ധിയിലായതോടെ 1975 ൽ കുന്ദേര ഫ്രാൻസിലേക്കു കുടിയേറി. 1981 ൽ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. 1979 ൽ റദ്ദാക്കിയ പൗരത്വം 2018 ൽ തിരിച്ചുനൽകി ചെക്ക് റിപ്പബ്ലിക് തെറ്റു തിരുത്തിയിരുന്നു.

English Summary: Milan Kundera passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com