ADVERTISEMENT

വാഷിങ്ടൻ ∙ 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്തു ജോ ബൈഡന്റെ വിജയം അട്ടിമറിക്കാ‍ൻ ശ്രമിച്ചെന്ന കേസിൽ ഡോണൾഡ് ട്രംപിനെതിരെ കുറ്റപത്രം. 

ഫുൾട്ടൻ കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഫാനി വിലിസിന്റെ നേതൃത്വത്തിൽ 2 വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ട്രംപും മുൻ അഭിഭാഷകൻ റൂഡി ജൂലിയാനിയും ഉൾപ്പെടെ 19 പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. കുറ്റപത്രത്തിന് 97 പേജുണ്ട്. കീഴടങ്ങാൻ 25 വരെ സമയം നൽകി. അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ട്രംപിനെതിരെ വിവിധ കേസുകളിൽ ഇതു നാലാം തവണയാണ് കുറ്റപത്രം. 

2020ലെ തിരഞ്ഞെടുപ്പിൽ ജോർജിയയിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ ബൈഡൻ  11,779 വോട്ടിനു ജയിച്ചതായി ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന സെക്രട്ടറിയായ റിപ്പബ്ലിക്കൻ പാർട്ടിക്കാരൻ ബ്രാഡ് റാഫെൻ‌സ്പെർഗറെ ട്രംപ് ഫോണിൽ വിളിച്ച് 11,780 വോട്ടുകൾ തനിക്കു കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. റാഫെൻ‌സ്പെർഗർ അതു തള്ളിയെങ്കിലും ജോർജിയയിൽ വൻ ക്രമക്കേട് നടന്നെന്ന വാദത്തിൽ ട്രംപ് ഉറച്ചുനിന്നു. 

ഡെമോക്രാറ്റ് പാർട്ടി തിരിമറി നടത്തിയതിന്റെ തെളിവുകൾ പുറത്തുവിടുമെന്നായിരുന്നു ഇന്നലത്തെ കുറ്റപത്രത്തിനു പിന്നാലെ ട്രംപിന്റെ പ്രതികരണം. ബൈഡന്റെ രാഷ്ട്രീയപ്രേരിതമായ നീക്കമെന്നും ആരോപിച്ചു. റിപ്പബ്ലിക്കൻ കോട്ടയായി അറിയപ്പെട്ടിരുന്ന ജോർജിയയിൽ 1992നു ശേഷം ആദ്യമായിട്ടായിരുന്നു ഡെമോക്രാറ്റ് സ്ഥാനാർഥി വിജയിച്ചത്. അതുകൊണ്ടുതന്നെ ക്രമക്കേട് നടന്നതായി ട്രംപ് ആരോപിച്ച പ്രധാന സംസ്ഥാനങ്ങളിലൊന്നും ജോർജിയ ആയിരുന്നു.

English Summary : Charge sheet against Trump in Georgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com