സോൾ ∙ ഉത്തര കൊറിയ സന്ദർശിക്കാനുള്ള ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്ഷണം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സ്വീകരിച്ചു. തങ്ങൾ ഇരുവരും ‘സഖാക്കൾ’ ആണെന്ന് നേതാക്കൾ പരസ്പരം വിശേഷിപ്പിച്ചു. ഉചിതമായ സമയത്ത് സന്ദർശനം നടത്താനുള്ള ക്ഷണം പുട്ടിൻ സ്വീകരിച്ചതായി ഉത്തര കൊറിയ വ്യക്തമാക്കി. റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കിഴക്കൻ റഷ്യയിലെ വൊസ്റ്റോച്നിയിൽ ആണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
യുക്രെയ്ൻ അധിനിവേശത്തിനു ശേഷം വിദേശ സന്ദർശനങ്ങൾ ഒഴിവാക്കുന്ന പുട്ടിൻ ക്ഷണം സ്വീകരിച്ചത് രാജ്യാന്തര തലത്തിൽ ആശങ്ക വളർത്തിയിട്ടുണ്ട്. ഉത്തര കൊറിയ ആയുധങ്ങൾ നൽകുന്നത് യുക്രെയ്നിലെ യുദ്ധം കൂടുതൽ രക്തരൂഷിതമാക്കുമെന്നാണ് ആശങ്ക.
ആയുധ കൈമാറ്റം നടക്കുന്നതായി നേരത്തെ തന്നെ യുഎസ് ആരോപിച്ചിരുന്നു. ആയുധ ഇടപാടുകൾ നടത്തിയാൽ റഷ്യയ്ക്കും ഉത്തര കൊറിയയ്ക്കും എതിരെ കൂടുതൽ ഉപരോധം കൊണ്ടുവരാൻ മടിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. ‘ഞങ്ങൾ എങ്ങനെ ജീവിക്കണമെന്ന് നിർദേശിക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെ’ന്നാണ് ഇതിനോട് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോളി ആന്റോനോവ് പ്രതികരിച്ചത്.
English Summary : Putin Accepting an invitation to visit North Korea