സോൾ ∙ പാശ്ചാത്യലോകത്ത് അസ്വസ്ഥത പടർത്തി ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉൻ റഷ്യ സന്ദർശനം തുടരുന്നു. കഴിഞ്ഞദിവസം കിഴക്കൻ നഗരമായ കോംസോംൽസ്കിൽ 2 പോർവിമാന ഫാക്ടറികൾ സന്ദർശിച്ചതിനു പിന്നാലെ ഇന്നലെ കിം, റഷ്യൻ യുദ്ധക്കപ്പലിൽ ആണവ ബോംബർ വിമാനങ്ങളും ഹൈപ്പർസോണിക് മിസൈലുകളും നിരീക്ഷിച്ചു.
കിഴക്കൻനഗരമായ ആർച്ചോമിൽ ട്രെയിനിലെത്തിയ കിമ്മിനെ റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷൈഗുവും മുതിർന്ന സൈനിക ജനറൽമാരും ചേർന്നു സ്വീകരിച്ചു. തുറമുഖ നഗരമായ വ്ളാഡിവോസ്റ്റോക്കിൽ റഷ്യയുടെ ബോംബർ വിമാനങ്ങളടക്കം നവീനമായ യുദ്ധവിമാനങ്ങൾ കിം അടുത്തുകണ്ടു. കിമ്മും ഷൈഗും ഒരുമിച്ചാണു പസിഫിക് സമുദ്രത്തിലെ അഡ്മിറൽ ഷപോഷ്നികോവ് യുദ്ധക്കപ്പലിലെത്തിയത്. ഉത്തരകൊറിയൻ വ്യോമ, നാവികസേനകളിലെ ഉന്നത ജനറൽമാരും കിമ്മിനെ അനുഗമിച്ചു.
റഷ്യയുടെ സൈനിക സാങ്കേതികവിദ്യയും ആണവമുങ്ങിക്കപ്പലുകളും ലക്ഷ്യമിട്ടാണു കിമ്മിന്റെ സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു. യുക്രെയ്നിൽ റഷ്യയ്ക്കു നിലവിൽ ലഭ്യത കുറവുള്ള പടക്കോപ്പുകൾ ഉത്തര കൊറിയ പകരം നൽകിയേക്കും. ഉത്തര കൊറിയയുമായി ആയുധക്കരാറുകളിലേർപ്പെടാൻ യുഎൻ വിലക്കുള്ളതിനാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധക്കൈമാറ്റ ധാരണ പുറത്തുവിടാനിടയില്ല.
English Summary: Kim Jong Un Russia visit