ADVERTISEMENT

ജറുസലം ∙ തെക്കൻ ഇസ്രയേലിൽ ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 200 ഇസ്രയേലുകാർ കൊല്ലപ്പെട്ടു; 1100 പേർക്കു പരുക്കേറ്റു. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും പലസ്തീൻ സായുധപ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കി. ഇസ്രയേൽ യുദ്ധത്തിലാണെന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഗാസയിൽ അവർ നടത്തിയ പ്രത്യാക്രമണത്തിൽ 232 പലസ്തീൻകാർ കൊല്ലപ്പെട്ടു; 1600 ൽ അധികമാളുകൾക്കു പരുക്കേറ്റു. സ്ഥിതി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് ചേരും.

ജറുസലമിലെ അൽ അഖ്‌സ പള്ളിയിൽ കഴിഞ്ഞ ഏപ്രിലിൽ ഇസ്രയേൽ സൈന്യം കടന്നുകയറിയതിനെത്തുടർന്നു മൂർച്ഛിച്ച ഇസ്രയേൽ–പലസ്തീൻ സംഘർഷം ഇതോടെ നേർക്കുനേർ യുദ്ധമായി മാറി. 2021 ൽ 11 ദിവസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഘർഷാവസ്ഥയാണിത്. ‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്’ എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്.

അതീവസുരക്ഷയുള്ള ഗാസ–ഇസ്രയേൽ അതിർത്തിവേലി ലംഘിച്ചു സായുധരായ ഹമാസ് സംഘം തെക്കൻ ഇസ്രയേൽ പട്ടണങ്ങളിലേക്കു നുഴഞ്ഞുകയറിയതിനൊപ്പമാണു രാവിലെ 6.30ന് (ഇന്ത്യൻ സമയം രാവിലെ 9) ഗാസയിൽനിന്നു കനത്ത റോക്കറ്റാക്രമണം ആരംഭിച്ചത്. ടെൽ അവീവിനു സമീപം വരെ റോക്കറ്റുകൾ പതിച്ചു.

ഇസ്രയേലിൽ കടന്ന ഹമാസ് സംഘം ഒട്ടേറെ സൈനികരെയും കമാൻഡർമാരെയും കൊലപ്പടുത്തിയതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചു. അതിർത്തിയിൽ 7 സ്ഥലങ്ങളിൽ നുഴഞ്ഞു കയറിയ സംഘത്തിൽ ആയിരത്തോളം പേരുണ്ടായിരുന്നുവെന്നാണു സൂചന. ഗാസയോടു ചേർന്ന തെക്കൻ ഇസ്രയേലിലെ കഫർ അസ, സ്ദെറോത്, സുഫ, നഹൽ ഓസ്, മാഗെൻ, ബീയിറൈ എന്നീ പട്ടണങ്ങളിലടക്കം 25 കേന്ദ്രങ്ങളിൽ ഇസ്രയേൽ സേനയുമായി ഏറ്റുമുട്ടൽ തുടരുന്നതായി ഹമാസ് അവകാശപ്പെട്ടു. അതേസമയം, കടൽ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച സംഘത്തെ വെടിവച്ചുകൊന്നതായി ഇസ്രയേൽ സേന അറിയിച്ചു.

5,000 റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു; 2,200 റോക്കറ്റുകൾ പതിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഹമാസ് പിടിച്ചെടുത്ത ഇസ്രയേൽ ടാങ്കുകളുടെയും സൈനിക വാഹനങ്ങളുടെയും വിഡിയോയും പുറത്തുവന്നു. യുഎസ്, യുകെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഹമാസ് ആക്രമണത്തെ അപലപിച്ചു. ഇറാൻ ഹമാസിനെ പിന്തുണച്ചു.

ഇസ്രയേൽ – പലസ്തീൻ ഏറ്റുമുട്ടൽ: നാൾവഴി

∙ 1948: പലസ്തീനിൽ നിന്ന് ബ്രിട്ടിഷുകാർ പിന്മാറിയതിനു പിന്നാലെ ഇസ്രയേലും അറബ് രാജ്യങ്ങളുമായി യുദ്ധം ആരംഭിച്ചു. 1949 ജനുവരി 20ന് അറബ് രാജ്യങ്ങളുമായി ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ യുദ്ധം അവസാനിച്ചു. 

∙ 1967: ആറു ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രയേലും ഈജിപ്ത്– ജോർദാൻ– സിറിയ സഖ്യവും ഏറ്റുമുട്ടി. യുദ്ധത്തിനൊടുവിൽ ഇസ്രയേൽ വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, സിനായ്, ഗോലാൻ കുന്നുകൾ എന്നിവ പിടിച്ചെടുത്തു. 

∙ 1973: ഇസ്രയേലിനു മേൽ ഈജിപ്തും സിറിയയും ചേർന്നു നടത്തിയ അപ്രതീക്ഷിത ആക്രമണം. യോം കിപ്പർ യുദ്ധം എന്നറിയപ്പെടുന്ന പോരാട്ടം യുദ്ധത്തിനു മുൻപുള്ള സ്ഥിതി നിലനിർത്താൻ ധാരണയായി വെടിനിർത്തി. 

∙ 2008: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കാൻ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടി ഗാസ യുദ്ധം എന്നറിയപ്പെടുന്നു. 2009 ൽ വെടിനിർത്തൽ.=

∙ 2014: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിനു മറുപടിയായി വീണ്ടും ഇസ്രയേലിന്റെ സൈനിക നടപടി. അടിസ്ഥാന പ്രശ്നത്തിനു പരിഹാരമില്ലാതെ വെടിനിർത്തൽ. 

∙ 2021: ജറുസലം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ഇസ്രയേൽ പൊലീസും പലസ്തീൻ പ്രക്ഷോഭകരും ഏറ്റുമുട്ടി. ഗാസ മുനമ്പിലേക്കു സംഘർഷം വ്യാപിച്ചതോടെ ഹമാസിനെതിരെ ഇസ്രയേൽ സൈനിക നടപടിയാരംഭിച്ചു. ഏറ്റുമുട്ടൽ 11 ദിവസം നീണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com