ADVERTISEMENT

സ്റ്റോക്കോം ∙ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം തൊഴിൽരംഗത്തെ വനിതാപങ്കാളിത്തവും വളർന്നു കാണുമെന്ന തെറ്റിദ്ധാരണ തിരുത്തിയ വനിത പ്രഫ. ക്ലോഡിയ ഗോൾഡിന് ഈ വർഷത്തെ സാമ്പത്തിക നൊബേൽ പുരസ്കാരം ലഭിച്ചു. 

തൊഴിലിടങ്ങളിലെ വനിതാപ്രാതിനിധ്യത്തിന്റെ 200 കൊല്ലത്തെ ചരിത്രം പഠിച്ച് ജെൻഡർ അസന്തുലിതാവസ്ഥയുടെ വേരുകൾ തേടിയ ക്ലോഡിയ (77) ഹാർവഡ് സർ‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രഫസറാണ്. സാമ്പത്തിക നൊബേൽ ചരിത്രത്തിലെ 93 ജേതാക്കളിൽ മൂന്നാമത്തെ വനിത. മറ്റാരുമായും പങ്കിടാതെ സാമ്പത്തിക നൊബേൽ ഒറ്റയ്ക്കു നേടുന്ന ആദ്യത്തെ വനിത കൂടിയാണ് പ്രഫ. ക്ലോഡിയ ഗോൾഡിൻ. 

തൊഴിൽ വിപണിയിലെ വനിതാവിവേചനത്തിന്റെ വേരുകൾ തേടിയുള്ള ‘കുറ്റാന്വേഷണത്തിന്’ 1980 കളിൽ പ്രഫ. ഗോൾഡിൻ വികസിപ്പിച്ച സമഗ്രസമീപനമാണ് ഈ വിഷയത്തെക്കുറിച്ചു കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ ഗവേഷകരെയും നയരൂപീകരണത്തിന്റെ ചുമതലയുള്ള നേതാക്കളെയും സഹായിച്ചത്. 

സ്ത്രീകളുടെ തൊഴിൽനിരക്കും ശമ്പളവും പുരുഷന്മാരുടേതിനെക്കാൾ കുറവായതിന്റെ കാരണങ്ങൾ ചരിത്രവസ്തുതകളുടെ സഹായത്തോടെ വിശദീകരിക്കാൻ അവർക്കു സാധിച്ചു. പ്രശ്നങ്ങൾക്കുള്ള പരിഹാരമാകുന്നില്ലെങ്കിലും ക്ലോഡിയയുടെ ഗവേഷണം ഈ മേഖലയിലെ മെച്ചപ്പെട്ട നയരൂപീകരണത്തിന് സഹായിച്ചതായി നൊബേൽ സമതി വിലയിരുത്തി. 

തൊഴിൽ വിപണിയുടെ സാമ്പത്തികശാസ്ത്രവും സാമ്പത്തികചരിത്രവും ഒരുമിച്ചു വിശകലനം ചെയ്യുന്ന ‘ലേബർ ഇക്കോണമിസ്റ്റ്’ ആയ പ്രഫ. ക്ലോഡിയ ഗോൾഡിൻ 1946 ൽ ന്യൂയോർക്കിലാണു ജനിച്ചത്. ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് 1972 ൽ പിഎച്ച്ഡി നേടി. 

10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 8.31 കോടി രൂപ) നൊബേൽ പുരസ്കാരത്തുക. നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങളിൽ അവസാനത്തേതാണ് സാമ്പത്തിക നൊബേൽ. ഡിസംബർ 10ന് ഓസ്‌ലോയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

English Summary:

US economist Claudia Goldin becomes third woman to win Nobel Prize in Economics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com