വാനോളം ഉയരെ പെരുമയും പ്രതിമയും: അമേരിക്കയിൽ അംബേദ്കർ; വിയറ്റ്നാമിൽ ടഗോർ
Mail This Article
വാഷിങ്ടൻ ∙ ബുദ്ധ ഗാർഡനും ഗ്രന്ഥപ്പുരയും കൺവൻഷൻ സെന്ററുമുള്ള 13 ഏക്കർ വളപ്പിന്റെ തലപ്പൊക്കമായി സമത്വവിപ്ലവത്തിന്റെ ചരിത്രസ്മരണയിലേക്കു വിരൽചൂണ്ടി നിൽക്കുന്ന അംബേദ്കർ പ്രതിമ. വാഷിങ്ടൻ ഡിസിയുടെ ഹൃദയഭൂമിയിൽ അംബേദ്കർ ഇന്റർനാഷനൽ സെന്ററിലാണ് 19 അടി ഉയരമുള്ള പ്രതിമ അനാഛാദനം ചെയ്തത്. സമത്വത്തിനും സാമൂഹികനീതിക്കുമായി പോരാടിയ ഇന്ത്യൻ ഭരണഘടനാശിൽപി ബുദ്ധമതം സ്വീകരിച്ചതിന്റെ വാർഷികമായ 14ന് ആയിരുന്നു മേരിലാൻഡിലെ അക്കോകീക്കിൽ അനാഛാദനച്ചടങ്ങ്. യുഎസിലെ ആദ്യത്തേതും ഇന്ത്യയ്ക്കു പുറത്തെ ഏറ്റവും ഉയരമേറിയതുമായ അംബേദ്കർ പ്രതിമയാണിത്.
ഗുജറാത്തിലെ സർദാർ സരോവർ ഡാമിനു സമീപം സർദാർ പട്ടേലിന്റെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ പ്രതിമ നിർമിച്ച റാം സുതാർ തന്നെയാണ് ‘സ്റ്റാച്യു ഓഫ് ഇക്വാലിറ്റി’ (സമത്വ പ്രതിമ) എന്നു പേരിട്ടിരിക്കുന്ന അംബേദ്കർ പ്രതിമയുടെയും ശിൽപി.
ഹാനോയ് ∙ ബുദ്ധമത വേരുകളിൽനിന്നു തളിർത്ത ചരിത്രബന്ധങ്ങൾ ഇന്ത്യയുമായി പങ്കിടുന്ന വിയറ്റ്നാമിൽ ശാന്തിദീപമായി വിശ്വമഹാകവി രബീന്ദ്രനാഥ ടഗോറിന്റെ അർധകായപ്രതിമ. വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണു ഹാനോയ്ക്കു കിഴക്കുള്ള ബാക് നിനിൽ അർധകായപ്രതിമ അനാഛാദനം ചെയ്തത്.
2000 വർഷത്തെ സാംസ്കാരികമൈത്രിയുടെ പാരമ്പര്യമാണ് ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ളതെന്ന് ജയശങ്കർ പറഞ്ഞു. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ 1929ൽ ടഗോർ നടത്തിയ സന്ദർശനവും സ്മരിച്ചു.