ADVERTISEMENT

ഗാസ / ജറുസലം ∙ ഇസ്രയേൽ– ഹമാസ് സംഘർഷം മധ്യപൗരസ്ത്യമേഖലയാകെ വ്യാപിക്കുമെന്ന ആശങ്ക ശക്തമാക്കി സിറിയയ്ക്കും ലബനനും നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. രണ്ടിടത്തെയും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പറയുന്നു. മേഖലയിലേക്കു കൂടുതൽ സൈനികസന്നാഹങ്ങൾ എത്തിക്കുമെന്നു യുഎസും പ്രഖ്യാപിച്ചു. ഗാസയിൽ 24 മണിക്കൂറിനിടെ 266 പേർ കൊല്ലപ്പെട്ടെന്നും ഇവരിൽ 117 പേർ കുട്ടികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 4741. ഹമാസ് റോക്കറ്റ് സേനയുടെ ഉപമേധാവിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.

ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് വാഷിങ്ടനിലെ പെൻസിൽവേനിയ അവന്യുവിൽ നടന്ന മാർച്ച്. യുഎസും വിവിധ 
യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പലയിടത്തും ഇന്നലെ പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. ചിത്രം: റോയിട്ടേഴ്സ്
ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് വാഷിങ്ടനിലെ പെൻസിൽവേനിയ അവന്യുവിൽ നടന്ന മാർച്ച്. യുഎസും വിവിധ യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പലയിടത്തും ഇന്നലെ പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. ചിത്രം: റോയിട്ടേഴ്സ്

ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തെത്തുടർന്നു സിറിയയുടെ ഡമാസ്കസ്, അലെപ്പോ എന്നീ പ്രധാന രണ്ടു വിമാനത്താവളങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചു. 2 പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ ഒട്ടേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്തതായും ഇസ്രയേൽ അറിയിച്ചു. 6 പേർ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു. 

ഈജിപ്തിൽനിന്ന് എത്തിയ ട്രക്കുകൾ റഫാ അതിർത്തി കടന്നുപോകുന്നു. (Photo by Ahmed Gomaa/Xinhua/IANS)
ഈജിപ്തിൽനിന്ന് എത്തിയ ട്രക്കുകൾ റഫാ അതിർത്തി കടന്നുപോകുന്നു. (Photo by Ahmed Gomaa/Xinhua/IANS)

ഇസ്രയേൽ ആക്രമണം തുടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് സിറിയയ്ക്കും ലബനനും മേൽ നിർണായക സ്വാധീനമുള്ള ഇറാൻ മുന്നറിയിപ്പു നൽകി. സിറിയയോടും ലബനനോടും ചേർന്നുള്ള അതിർത്തിപ്രദേശങ്ങളിൽനിന്നു തങ്ങളുടെ കൂടുതൽ പൗരരെ ഇസ്രയേൽ ഒഴിപ്പിച്ചു.

ശാന്തി അകലെ: ഗാസ സിറ്റിയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ സെന്റ് പോർഫീറിയസ് പള്ളിയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന കന്യാസ്ത്രീകൾ. ചിത്രം: എപി
ശാന്തി അകലെ: ഗാസ സിറ്റിയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ സെന്റ് പോർഫീറിയസ് പള്ളിയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന കന്യാസ്ത്രീകൾ. ചിത്രം: എപി

∙ വെസ്റ്റ് ബാങ്കിലെ ജെനിനിൽ അൻ അൻസാർ മസ്ജിദിനു നേരെയും വ്യോമാക്രമണം. മസ്ജിദിനു സമീപം തുരങ്കത്തിലുണ്ടായിരുന്ന ഹമാസ്, ഇസ്‌ലാമിക് ജിഹാദ് അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ. ഇന്നലെ 6 പേരടക്കം വെസ്റ്റ് ബാങ്കിൽ ആകെ മരണം 91.

∙ ഹമാസ് 212 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ.

∙ ടെൽ അവീവിലേക്ക് റോക്കറ്റാക്രമണം നടത്തിയെന്ന് ഹമാസ്.


തകർന്നു, മനസ്സും: തെക്കൻ ഗാസയിലെ റഫായിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന വീട്ടിൽ പൊട്ടിക്കരയുന്ന സ്ത്രീ.ചിത്രം:എഎഫ്പി
തകർന്നു, മനസ്സും: തെക്കൻ ഗാസയിലെ റഫായിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന വീട്ടിൽ പൊട്ടിക്കരയുന്ന സ്ത്രീ.ചിത്രം:എഎഫ്പി

ഗാസയിലേക്ക് ‌‌17 ട്രക്കുകൾകൂടി; ഇന്ധനമില്ല

റഫാ ∙ ഗാസയിലേക്കു സഹായവുമായി ഈജിപ്തിൽനിന്നു റഫാ അതിർത്തി വഴി രണ്ടാം ദിവസം കടത്തിവിട്ടത് 17 ട്രക്കുകൾ. എന്നാൽ സംഘർഷത്തിനു മുൻപു നൽകിയിരുന്നതിന്റെ 4% പോലും സഹായം ഇപ്പോൾ എത്തിക്കാനാകുന്നില്ലെന്നു യുഎൻ അറിയിച്ചു. ഇന്ധനം കൊണ്ടുപോകാൻ ഇസ്രയേൽ അനുവദിക്കാത്തതിനാൽ ആശുപത്രികളുടെയും കടൽജല ശുദ്ധീകരണ പ്ലാന്റുകളുടെയും പ്രവർത്തനം സ്തംഭനത്തിലാണ്. മലിനജലത്തെ ആശ്രയിക്കേണ്ടിവരുന്നതിനാൽ വയറിളക്കം ഉൾപ്പെടെയുള്ള രോഗങ്ങളേറുന്നുണ്ട്.

ഗാസയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ വ്യോമസേനാ വിമാനത്തില്‍ കയറ്റുന്നു. (ചിത്രം: X @MEAIndia)
ഗാസയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ വ്യോമസേനാ വിമാനത്തില്‍ കയറ്റുന്നു. (ചിത്രം: X @MEAIndia)

ഗാസയിലേക്ക് ഇന്ത്യൻ സഹായം

ന്യൂഡൽഹി ∙ ഗാസയിലെ പലസ്തീൻ ജനതയ്ക്ക് ഇന്ത്യയുടെ സഹായം. മരുന്ന്, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ എന്നിവയടക്കം 40 ടൺ സാമഗ്രികളുമായി വ്യോമസേനയുടെ സി 17 വിമാനം ഈജിപ്തിലെത്തി. റഫാ അതിർത്തി വഴി ഇവ ഗാസയിലെത്തിക്കും. വരുംദിവസങ്ങളിൽ കൂടുതൽ സഹായമെത്തിക്കുമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

English Summary:

Israel attack in Syria and Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com