ഐക്യ പലസ്തീൻ സർക്കാർ വേണം: യുഎസ്

Mail This Article
വാഷിങ്ടൻ ∙ യുദ്ധത്തിനുശേഷം ഗാസയിലും വെസ്റ്റ്ബാങ്കിലുമായി ഐക്യ പലസ്തീൻ സർക്കാർ വരണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നിർദേശിച്ചു. പലസ്തീൻ രാഷ്ട്രം സാഷാത്കരിക്കാനുള്ള ചുവടുവയ്പാകുമിതെന്നും വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലേതു പോലെ ഗാസയിലും സൈനിക അധിനിവേശം തുടരുമെന്ന ഇസ്രയേൽ നിലപാടിനു വിരുദ്ധമാണിത്. ഇസ്രയേൽ സൈന്യം ദീർഘകാലം ഗാസയിൽ തുടരുമെന്നു തിങ്കളാഴ്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു.
വെസ്റ്റ്ബാങ്കിൽ പലസ്തീൻ അതോറിറ്റിയാണു ഭരിക്കുന്നത്. ഗാസയും ഇതിന്റെ ഭാഗമാക്കണമെന്നു ബ്ലിങ്കൻ പറഞ്ഞു. അതിനിടെ, ദോഹയിൽ യുഎസ് ചാരസംഘടനയായ സിഐഎയുടെയും ഇസ്രയേലിന്റെ മൊസാദിന്റെയും തലവന്മാർ ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബന്ദികളെ മോചിപ്പിക്കുന്നതിലുള്ള ചർച്ചയാണു നടന്നത്. ഹമാസുമായുള്ള ചർച്ചയ്ക്കു ഖത്തറാണു മുൻപ് മാധ്യസ്ഥ്യം വഹിച്ചിട്ടുള്ളത്.
പലസ്തീൻ പ്രകടനം: ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സ്വന്തം പൊലീസിനെതിരെ
ലണ്ടൻ ∙ പലസ്തീൻ അനുകൂല പ്രകടനത്തിന് അനുമതി നൽകിയതിന്റെ പേരിൽ ലണ്ടൻ പൊലീസിനെതിരെ ബ്രിട്ടിഷ് സർക്കാർ. പൊലീസിനെ വിമർശിച്ച് ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാൻ ദ് ടൈംസ് ദിനപത്രത്തിൽ ലേഖനവും എഴുതി. ഇസ്രയേലിനെതിരായ വിദ്വേഷ പ്രകടനങ്ങളോടു പൊലീസ് മൃദുസമീപനമാണു സ്വീകരിക്കുന്നതെന്നാണു ബ്രേവർമാന്റെ ആക്ഷേപം. നാളെ ലണ്ടനിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രകടനം വിലക്കണമെന്ന സർക്കാർ ആവശ്യം പൊലീസ് മേധാവി നേരത്തേ നിരസിച്ചിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പൊലീസിനായിരിക്കും പൂർണ ഉത്തരവാദിത്തമെന്നു പ്രധാനമന്ത്രി ഋഷി സുനക് പിന്നാലെ പ്രസ്താവനയുമിറക്കി. ഗുരുതരമായ സുരക്ഷാപ്രശ്നമോ ക്രമസമാധാനതടസ്സമോ ഉണ്ടാകുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലാണു പ്രകടനം അനുവദിക്കുന്നതെന്നു പൊലീസ് മേധാവി മാർക് റൗളി വിശദീകരിച്ചു.