വടക്കൻ ഗാസയിലെ ആശുപത്രിക്കുനേരെ ഷെല്ലാക്രമണം; 12 പലസ്തീൻകാർ കൊല്ലപ്പെട്ടു

Mail This Article
ജറുസലം ∙ വടക്കൻ ഗാസയിലെ ഇന്തൊനീഷ്യൻ ആശുപത്രിയിലേക്ക് ഇസ്രയേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 12 പലസ്തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തലിനു ഖത്തറിന്റെ മധ്യസ്ഥതയിൽ ശ്രമം പുരോഗമിക്കവേയാണ് അൽ ഷിഫ ആശുപത്രിക്കു പിന്നാലെ മറ്റൊന്നു കൂടി ഇസ്രയേൽ ടാങ്കുകൾ വളഞ്ഞത്.
വടക്കുകിഴക്കൻ ഗാസയിലെ ബൈത് ലാഹിയ പട്ടണത്തിലെ ഇന്തൊനീഷ്യൻ ഹോസ്പിറ്റലിൽ 700 രോഗികളാണുള്ളത്. ഇന്തൊനീഷ്യയുടെ ധനസഹായത്തോടെ നിർമിച്ച ആശുപത്രിയാണിത്.
കഴിഞ്ഞദിവസം അൽഷിഫയിൽനിന്ന് ഒഴിപ്പിച്ച അതീവ ഗുരുതരാവസ്ഥയിലുള്ള 28 നവജാതശിശുക്കളെ ഈജിപ്തിലെത്തിച്ചു. ഗുരുതരമായ പരുക്കേറ്റു ചികിത്സയിലുള്ള 250 പേർ ഇപ്പോഴും അൽ ഷിഫയിൽ തുടരുകയാണ്.
വൈദ്യുതിബന്ധമറ്റ ആശുപത്രിയിൽ പരിചരണം ലഭിക്കാതെ 4 കുഞ്ഞുങ്ങളാണു കഴിഞ്ഞയാഴ്ച മരിച്ചത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 5500 കുട്ടികളടക്കം 11,500 പലസ്തീൻകാർ കൊല്ലപ്പെട്ടു.
അതിനിടെ, ഗാസ പ്രശ്നം ചർച്ച ചെയ്യാൻ സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ബെയ്ജിങ്ങിലെത്തി.
ചൈനയിലെ ചർച്ചകൾക്കുശേഷം നാളെ സംഘം മോസ്കോയിലേക്കു പോകും. അറബ് ലീഗ്–ഒഐസി, പലസ്തീൻ അതോറിറ്റി പ്രതിനിധികളും സംഘത്തിലുണ്ട്.
ഹൂതികളുടെ തടവിൽ 25 കപ്പൽ ജീവനക്കാർ
ഇന്ത്യയിലേക്കു പുറപ്പെട്ട ഇസ്രയേൽബന്ധമുള്ള ചരക്കുകപ്പൽ ചെങ്കടലിൽവച്ചു തട്ടിയെടുത്ത യെമനിലെ ഹൂതി വിമതർ, 25 കപ്പൽജീവനക്കാരെ ബന്ദികളാക്കി. കപ്പൽ യെമനിലെ ഹൊദൈഡയിലേക്കു കൊണ്ടുപോയി. ഇസ്രയേൽബന്ധമുള്ള കപ്പലുകളെ ഇനിയും ലക്ഷ്യമിടുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂതികൾ പറഞ്ഞു. ഫിലിപ്പീൻസ്, മെക്സിക്കോ, റുമാനിയ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവവരാണു ജീവനക്കാരെന്നും ഇസ്രയേൽ പൗരന്മാരില്ലെന്നും കപ്പലിന്റെ നടത്തിപ്പുകാരായ ജാപ്പനീസ് കമ്പനി എൻകെവൈ ലൈൻ അറിയിച്ചു. ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ളതാണു കപ്പലെന്ന് ഇസ്രയേൽ അധികൃതർ പറയുന്നുവെങ്കിലും കപ്പലിനു ഇസ്രയേലിലെ അതിസമ്പന്നരിലൊരാളായ ഏബ്രഹാം റാമി അൻഗർ സ്ഥാപിച്ച റേ കാർ കാരിയേഴ്സുമായി ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. അൻഗറുമായി ബന്ധമുള്ള മറ്റൊരു ചരക്കുകപ്പലിൽ 2021ൽ ഒമാൻ കടലിടുക്കിൽവച്ചു സ്ഫോടനമുണ്ടായിരുന്നു.