അർജന്റീനയിൽ ‘ട്രംപിസം’; വലതുപക്ഷ നേതാവ് ഹവിയർ മിലൈ പുതിയ പ്രസിഡന്റ്

Mail This Article
ബ്യൂനസ് ഐറിസ് ∙ അർജന്റീന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലതുപക്ഷ നേതാവ് ഹവിയർ മിലൈയ്ക്കു (53) ജയം. ശൈലിയും നയങ്ങളും കാരണം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഉപമിക്കപ്പെടുന്ന മിലൈയ്ക്ക് 55.7% വോട്ട് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥിയായ സാമ്പത്തികകാര്യമന്ത്രി സെർഗിയോ മാസയ്ക്ക് 44.3% മാത്രമാണു ലഭിച്ചത്. 1983ൽ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.
140% വരെയെത്തിയ പണപ്പെരുപ്പവും കടുത്ത സാമ്പത്തികമാന്ദ്യവും ഭരണമാറ്റത്തിനു വോട്ടർമാരെ പ്രേരിപ്പിച്ചെന്നാണു വിലയിരുത്തൽ. ‘അരാജക മുതലാളിത്തവാദി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന സാമ്പത്തികവിദഗ്ധനാണ് മിലൈ. സർക്കാരിന്റെ വലുപ്പം കുറയ്ക്കും, നിലവിലെ കറൻസിയായ പെസോ ഒഴിവാക്കി ഡോളർ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കൊണ്ടുവരും, കേന്ദ്ര ബാങ്ക് വേണ്ടെന്നുവയ്ക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
ലൈംഗിക വിദ്യാഭ്യാസം, ഗർഭഛിദ്രം തുടങ്ങിയവയെ എതിർക്കുകയും ചെയ്യുന്നു. 3 വർഷം മുൻപു മാത്രമാണ് രാഷ്ട്രീയത്തിലെത്തിയത്.