ഗാസ: ഇരുപക്ഷവും കൂടുതൽ പേരെ മോചിപ്പിക്കും; വെടിനിർത്തൽ 2 ദിവസം കൂടി നീട്ടി

Mail This Article
ജറുസലം ∙ ഗാസയിൽ വെടിനിർത്തൽ 2 ദിവസം കൂടി നീട്ടാൻ ഇസ്രയേൽ–ഹമാസ് ധാരണയായെന്നു ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരാർപ്രകാരം ഇന്നും നാളെയുമായി 20 ബന്ദികളെയും 60 പലസ്തീൻ തടവുകാരെയുംകൂടി മോചിപ്പിക്കും. 7 ആഴ്ച നീണ്ട യുദ്ധത്തിനുശേഷം കഴിഞ്ഞ വെള്ളിയാഴ്ച നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിന്റെ അവസാനദിവസമായ ഇന്നലെ വൈകിട്ടോടെയാണു ഖത്തർ–ഈജിപ്ത് മധ്യസ്ഥതയിൽ നടന്ന ചർച്ച ഫലം കണ്ടത്.
കഴിഞ്ഞ 4 ദിവസത്തിനിടെ 62 ബന്ദികളുടെയും 150 പലസ്തീൻ തടവുകാരുടെയും കൈമാറ്റവും പൂർത്തിയായി. ഇന്നലെ 11 ബന്ദികളും 33 പലസ്തീൻ തടവുകാരുമാണു മോചിതരായത്. നിലവിലുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽതന്നെയാണു രണ്ടു ദിവസം കൂടി നീട്ടിയത്. പ്രതിദിനം 10 ബന്ദികളെ വീതം മോചിപ്പിക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ നീട്ടിയെങ്കിലും ഗാസയിൽ ഹമാസിന്റെ ഭരണം അവസാനിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ദ്വിരാഷ്ട്രമാണ് ഇസ്രയേൽ–പലസ്തീൻ പ്രശ്നത്തിനു പരിഹാരമെന്ന് സ്പെയിനിലെ ബാർസിലോനയിൽ ചേർന്ന യൂറോപ്യൻ യൂണിയൻ (ഇയു)– അറബ് രാജ്യ വിദേശകാര്യമന്ത്രിമാരുടെ യോഗം പ്രസ്താവിച്ചു. ഇയു വിദേശനയ മേധാവി ജോസഫ് ബോറൽ അധ്യക്ഷത വഹിക്കുന്ന 42 രാജ്യങ്ങളുടെ യോഗത്തിൽ ഇസ്രയേൽ പങ്കെടുക്കുന്നില്ല. വെസ്റ്റ്ബാങ്ക് ഭരിക്കുന്ന പലസ്തീൻ അതോറിറ്റി ഗാസയുടെ ഭരണവും ഏറ്റെടുക്കണമെന്നു ജോസഫ് ബോറൽ പറഞ്ഞു.
അതേസമയം, യുഎസിലെ വെർമോണ്ടിൽ കഴിഞ്ഞദിവസം 3 പലസ്തീൻ വിദ്യാർഥികൾക്കു വെടിയേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ജെയ്സൻ ജെ. ഇറ്റൻ (48) എന്നയാളാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ടാണു വെർമോണ്ട് സർവകലാശാല വിദ്യാർഥികൾക്കുനേരെ നിറയൊഴിച്ചശേഷം ഇയാൾ കടന്നുകളഞ്ഞത്. പരുക്കേറ്റ വിദ്യാർഥികളിൽ ഒരാളുടെ നില ഗുരുതരമാണ്.