ഭൂമിയെ രക്ഷിക്കാൻ വീണ്ടും ലോകം‘കോപ് 28’ ഉച്ചകോടി ദുബായിൽ ഇന്നുമുതൽ
Mail This Article
ദുബായ് ∙ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരിതങ്ങൾ വർധിക്കുന്നതിനിടെ, ഐക്യ രാഷ്ട്ര സംഘടനയുടെ നിർണായക ഉച്ചകോടി ‘കോപ്28’ ഇന്നു ദുബായിൽ തുടങ്ങും. 2015ൽ ലോക രാജ്യങ്ങൾ ചേർന്ന് ഒപ്പുവച്ച പാരിസ് ഉടമ്പടിയിൽ കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനത്തിൽ നിന്നു ഭൂമിയെ രക്ഷിക്കാനുള്ള പുതിയ പ്രഖ്യാപനം ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഭക്ഷ്യോൽപാദനത്തിലും വിതരണത്തിലും ആഗോളതലത്തിൽ മാറ്റം നിർദേശിക്കാനും സാധ്യതയുണ്ട്. പുനരുപയോഗിക്കാവുന്ന ഭക്ഷ്യ സംവിധാനം, സുസ്ഥിര കൃഷി, കാലാവസ്ഥ കർമ പദ്ധതി എന്നിവയിൽ ലോക രാഷ്ട്രങ്ങളെ ഒരുമിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
നയ രൂപീകരണത്തിൽ സുപ്രധാന തീരുമാനം കൈക്കൊള്ളേണ്ട യുഎസ്, ചൈന രാഷ്ട്രത്തലവൻമാർ പങ്കെടുക്കില്ലെന്ന് അറിയിച്ചത് തുടക്കത്തിൽ തന്നെ കല്ലുകടിയായി. ഇന്ന് ദുബായിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സമ്മേളനത്തിൽ പങ്കെടുക്കും. ആഗോള താപനം കുറയ്ക്കാനും വ്യവസായ വിപ്ലവത്തിനു മുൻപുള്ള അന്തരീക്ഷ താപനിലയിലേക്കു ഭൂമിയെ തിരിച്ചു കൊണ്ടു പോകാനും പാരിസിൽ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അന്തരീക്ഷ താപനില വർധന 1.5 – 2 ഡിഗ്രി സെൽഷ്യസിൽ അധികമാകാതെ തടയുക, കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടായ ദുരന്തങ്ങളിൽ നിന്ന് അവികസിത രാജ്യങ്ങൾക്ക് കരകയറാൻ വികസിത രാജ്യങ്ങൾ പ്രതിവർഷം 10000 കോടി ഡോളർ നൽകുക എന്നീ നിർദേശങ്ങളും പൂർണമായും പാലിച്ചിട്ടില്ല.
ഊർജ ഉൽപാദനത്തിന് ഹരിത ഇന്ധനമാണ് ആവശ്യമെന്നു പ്രഖ്യാപിച്ച യുഎഇ, ആതിഥേയ രാഷ്ട്രമെന്ന നിലയിൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ നിർണായക ചുവടുവയ്പാണു നടത്തിയിരിക്കുന്നത്. പെട്രോളിയം ഉൽപാദക രാഷ്ട്രമാണെങ്കിലും ഹൈഡ്രജൻ ഇന്ധനത്തിലേക്കു മാറാനുള്ള നടപടികൾക്കും യുഎഇ തുടക്കം കുറിച്ചു. പൊതുഗതാഗത വാഹനങ്ങളെല്ലാം വൈദ്യുതിയിലേക്കു മാറ്റിത്തുടങ്ങി.
പനി മാറിയില്ല; മാർപാപ്പ കാലാവസ്ഥാ ഉച്ചകോടിക്കില്ല
വത്തിക്കാൻ സിറ്റി ∙ ദുബായിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. പനിയും ശ്വാസകോശവീക്കവും മൂലം വിശ്രമത്തിലായതിനാൽ യാത്ര ഡോക്ടർമാർ വിലക്കി. വൈകാതെ അദ്ദേഹം ദുബായ് സന്ദർശിച്ചേക്കുമെന്നു വത്തിക്കാൻ പറഞ്ഞു. ഉച്ചകോടിയിൽ മാർപാപ്പ മുഖ്യപ്രഭാഷണം നടത്തുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇരുപതോളം ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ലക്ഷ്യമിട്ടിരുന്നു. കാലാവസ്ഥാ സംരക്ഷണം സംബന്ധിച്ച ചർച്ചകളിലും തുടർനടപടികളിലും സഭാവിശ്വാസികൾ ആത്മാർഥതയോടെ പങ്കെടുക്കണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തു.