ADVERTISEMENT

∙അടുത്തയാഴ്ച പ്രതിസന്ധികളൊന്നും ഉണ്ടാവാൻ പറ്റില്ല. എന്റെ ഷെഡ്യൂൾ ഫുൾ ആണ്’ – അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും ചാണക്യൻ എന്ന് വാഴ്ത്തപ്പെട്ട ഹെൻറി കിസിഞ്ജർ അൽപം അഹങ്കാരത്തോടെയും ചെറിയൊരു തമാശയായും 1969ൽ പറഞ്ഞതാണിത്.

റിച്ചഡ് നിക്സന്റെയും ജെറൾഡ് ഫോർഡിന്റെയും സുരക്ഷാ ഉപദേഷ്ടാവും സെക്രട്ടറി ഓഫ് സ്റ്റേറ്റുമായി വെറും 8 കൊല്ലം കൊണ്ട് ഇത്രമാത്രം ലോകരാഷ്ട്രീയത്തെ സ്വാധീനിക്കുകയോ ഇളക്കിമറിക്കുയോ ചെയ്ത മറ്റൊരു വ്യക്തിയുണ്ടോ എന്നു സംശയമാണ്. യൂറോപ്പിലെ ശീതയുദ്ധം, പശ്ചിമേഷ്യയിലെ അറബ്–ഇസ്രയേൽ സ്പർധ, വിയറ്റ്നാം യുദ്ധം, തെക്കേ അമേരിക്കയിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ ചെറുക്കൽ, ദക്ഷിണേഷ്യയിൽ ഇന്ത്യ–പാക്കിസ്ഥാൻ ഉരസൽ, ഏഷ്യ–പസിഫിക്കിൽ ചൈന–റഷ്യ–യുഎസ് ബന്ധങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടാളവിപ്ലവങ്ങൾ – ഇവിടെയെല്ലാം കിസിഞ്ജറുടെ കണ്ണുകളും കരങ്ങളും പരതി നടന്നു.

കമ്യൂണിസത്തെ ചെറുക്കാനുള്ള യുഎസിന്റെ ആഗോളപദ്ധതിയുടെ ഭാഗമായാണ് കൊറിയൻ യുദ്ധത്തിനുശേഷം അവർ വിയറ്റ്നാമിൽ ഇടപെട്ടുതുടങ്ങിയത്. വിയറ്റ്നാമിൽ നടത്തിയ കനത്ത ബോംബാക്രമണം എങ്ങുമെത്തുന്നില്ലെന്നു കണ്ടതോടെയാണ് കിസിഞ്ജർ സമാധാനചർച്ചകൾക്ക് മുതിർന്നത്. വിയറ്റ്നാം പ്രതിനിധി ലീ ഡക് തോയുമായി നടത്തിയ ചർച്ചകളാണ് യുദ്ധവിരാമത്തിനു വഴിതെളിച്ചത്. ഇരുവർക്കുമായി 1973ലെ സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിച്ചെങ്കിലും ലീ ഡക് തോ സ്വീകരിച്ചില്ല.

ലോകരാഷ്ട്രീയം ആശയപരമായി മുതലാളിത്തവും കമ്യൂണിസവും തമ്മിലും ശാക്തികമായി യുഎസ്, സോവിയറ്റ് ചേരികൾ തമ്മിലും മത്സരിച്ചിരുന്ന കാലത്ത്,  ധ്രുവീകരണങ്ങൾ മാറ്റിമറിയ്ക്കുന്ന നീക്കങ്ങൾ നടത്തിയതാണ് കിസിഞ്ജറുടെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നത്. 

സൈനികമായല്ലെങ്കിലും ആശയപരമായും ശാക്തികമായും സോവിയറ്റ് യൂണിയന് അരക്ഷിതബോധം ഉണ്ടാക്കാൻ കഴിവുള്ള വൈരിയെ അന്വേഷിച്ച കിസിഞ്ജറുടെ കണ്ണുകൾ ചൈനയുടെ മേൽ പതിഞ്ഞു. കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെങ്കിലും സോവിയറ്റ് യൂണിയനോട് ആശയപരമായും രാഷ്ട്രീയമായും അകൽച്ചയിലായിരുന്നു അന്ന് മാവോയുടെ ചൈന. ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുന്ന ചാണക്യനയം കിസിഞ്ജർ സ്വീകരിച്ചു. മധ്യസ്ഥനായി പാക്കിസ്ഥാനെ കണ്ടെത്തി. പാക്കിസ്ഥാന്റെയും ചൈനയുടെയും ഇന്ത്യാ വിരോധം മുതലാക്കുകയും ചെയ്തു. പരസ്യമായി പാക്കിസ്ഥാൻ സന്ദർശനത്തിനെന്ന് പറഞ്ഞെത്തിയ കിസിഞ്ജർ ‘വയറിളക്കം ബാധിച്ചു’വെന്ന് പറഞ്ഞ് പാക്കിസ്ഥാനിലെ സുഖവാസകേന്ദ്രത്തിൽ വിശ്രമിക്കാൻ പോയി. അവിടെനിന്ന് രഹസ്യമായി സ്വകാര്യവിമാനത്തിൽ ചൈനയിലെത്തി നേതാക്കളെ കണ്ടു. ആ രഹസ്യചർച്ചകളുടെ തുടർച്ചയായി, നിക്സൻ ചൈന സന്ദർശിക്കുകയാണെന്ന പ്രഖ്യാപനം സോവിയറ്റ് യൂണിയനെ ഞെട്ടിച്ചു. സോവിയറ്റ് യൂണിയൻ പിന്നീടു നടത്തിയ ശാക്തിക നീക്കങ്ങൾ മിക്കവയും പാളി. അഫ്ഗാൻ അധിനിവേശവും പരാജയപ്പെട്ടതോടെ സോവിയറ്റ് യൂണിയൻ തകർന്നു.

കിസിഞ്ജറുടെ ചാണക്യബുദ്ധി തോൽവി സമ്മതിച്ചത് ഇന്ദിരാ ഗാന്ധിയോടാണ്. 1971ൽ കിഴക്കൻ ബംഗാളിലെ പാക്ക് സൈന്യത്തിന്റെ കിരാത നടപടികളെത്തുടർന്നുള്ള അഭയാർഥിപ്രവാഹമാണ് പ്രശ്നത്തിൽ ഇടപെടാൻ ഇന്ത്യയെ നിർബന്ധിതമാക്കിയത്. പ്രശ്നം ഇന്ത്യ–പാക്ക് യുദ്ധത്തിലേക്കു നീങ്ങി; കിസിഞ്ജറുടെ ഉപദേശപ്രകാരം നിക്സൻ പാക്കിസ്ഥാനെ സൈനികവും ശാക്തികവുമായി സഹായിച്ചു. സോവിയറ്റ് യൂണിയനുമായുണ്ടായിരുന്ന സൗഹൃദക്കരാറിനെ ശാക്തിക കരാറാക്കി മാറ്റി ഇന്ദിര ബദൽ നീക്കം നടത്തി. യുഎസിന്റെ ഏഴാം കപ്പൽപ്പട ചിറ്റഗോങ് തീരത്തെത്തും മുൻപേ കിഴക്കൻ ബംഗാൾ പൂർണമായും അധീനത്തിലാക്കി പാക്ക് സൈന്യത്തെക്കൊണ്ട് കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പിടുവിക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. 

എല്ലായിടത്തും സൈനികമായി ഇടപെട്ട് ലോക പൊലീസായി യുഎസിന് തുടരാനാവില്ലെന്നു ബോധ്യമായ കിസിഞ്ജർ ചർച്ചകൾക്ക് തയാറാണെന്ന് റിച്ചഡ് നിക്സനെക്കൊണ്ട് 1969ൽ ഗ്വാമിൽ വച്ച് പരസ്യമായി പ്രഖ്യാപിപ്പിച്ചു. ‘ഗ്വാം പ്രഖ്യാപനം’ തുടർന്നെത്തിയ ഭരണകൂടങ്ങൾക്കു സോവിയറ്റ് ചേരിയുമായി ചർച്ചകൾക്കു മാർഗരേഖയായി. 

നയതന്ത്ര ബുദ്ധിരാക്ഷസനായി അറിയപ്പെട്ട കിസിഞ്ജർക്ക്, രാഷ്ട്രീയതലത്തിൽ തെമ്മാടി പ്രസിഡന്റായി അറിയപ്പെട്ട നിക്സനുമായായിരുന്നു ഏറ്റവും അടുപ്പം. നിക്സനോട് മാന്യമായി പെരുമാറിയ കിസിഞ്ജർ നിക്സന്റെ പിൻഗാമി ഫോഡിനോട് അഹങ്കാരത്തോടെയാണു പെരുമാറിയതെന്ന് ആക്ഷേപമുണ്ട്.

English Summary:

Write up on Henry Kissinger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com