ADVERTISEMENT

ഖാൻ യൂനിസ് ∙ വടക്കൻ ഗാസയിൽ യുദ്ധം രൂക്ഷമായപ്പോൾ തെക്കൻ ഗാസയിലേക്കു പലായനം ചെയ്തവർക്കും രക്ഷയില്ലാത്തവിധം ഇസ്രയേൽ ആക്രമണം പതിന്മടങ്ങു രൂക്ഷമാക്കി. ഒരാഴ്ചത്തെ വെടിനിർത്തലിനു ശേഷം വെള്ളിയാഴ്ച യുദ്ധം പുനരാരംഭിച്ചതോടെയാണ് തെക്കൻ ഗാസയെ കൂടുതലായി ലക്ഷ്യമിട്ടുള്ള ആക്രമണം. പള്ളികളും വീടുകളും ആശുപത്രി മേഖലകളും ആക്രമിച്ചു.

ഹമാസ് കേന്ദ്രങ്ങളുണ്ടെന്നാരോപിച്ച് ഖാൻ യൂനിസ് മേഖലയിൽ അൻപതോളം ഇടങ്ങളിലാണ് ഇന്നലെ ആക്രമണം നടന്നത്. 3 പള്ളികൾ തകർത്തു. യുദ്ധവിമാനങ്ങളും ടാങ്കുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളും നാവികസേനാ നീക്കങ്ങളും സംയോജിപ്പിച്ചാണ് ഇസ്രയേൽ ഇവിടെ പിടിമുറുക്കുന്നത്. ആളുകൾ ഒഴിയണമെന്നാവശ്യപ്പെടുന്ന ലഘുലേഖകൾ വിതരണം ചെയ്ത് ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും അധികമാരും സ്ഥലം വിട്ടുപോയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

മധ്യ ഗാസയിലെ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. യുദ്ധം വീണ്ടും തുടങ്ങിയതു മുതൽ ഇതുവരെ 193 പലസ്തീൻകാർ കൊല്ലപ്പെട്ടു. 650 പേർക്കു പരുക്കേറ്റു. ഇസ്രയേൽ– ലബനൻ അതിർത്തിയിൽ ഇസ്രയേൽ സേനയും ഹിസ്ബുല്ലയും തമ്മിൽ വെടിവയ്പ് തുടരുകയാണ്. ജീവകാരുണ്യസഹായം എത്തിക്കുന്ന ട്രക്കുകളെ ഇസ്രയേലിന്റെ കർശന പരിശോധനയ്ക്കു ശേഷം ഗാസയിലേക്ക് കടത്തിവിടുന്നുണ്ട്. 

ഇതിനിടെ, വെടിനിർത്തലിനായി ഖത്തറിൽ നടന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞു. ചർച്ചയ്ക്കായി ദോഹയിലേക്ക് അയച്ച മൊസാദ് പ്രതിനിധികളെ സംഘത്തെ ഇസ്രയേലൽ തിരികെ വിളിച്ചു. ബന്ദി പട്ടികയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണു വെടിനിർത്തൽ സാധ്യമല്ലെന്നു പറഞ്ഞ് ഇസ്രയേൽ പിൻമാറിയത്. പുതിയ അനുരഞ്ജന ചർച്ചകൾക്കായി ഖത്തർ സന്ദർശിക്കുമെന്ന് ദുബായിൽ കാലാവസ്ഥാ ഉച്ചകോടിക്കെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ഹമാസിനെ പൂർണമായി തുടച്ചുനീക്കാനാണ് ഇസ്രയേലിന്റെ ശ്രമമെങ്കിൽ യുദ്ധം 10 വർഷമെങ്കിലും നീളുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസിൽ പ്രതിഷേധം: സ്വയം തീകൊളുത്തിയ പലസ്തീൻ സ്വദേശി ഗുരുതരാവസ്ഥയിൽ

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ ജോർജിയയിലെ അറ്റ്ലാന്റയിലുള്ള ഇസ്രയേൽ കോൺസുലേറ്റിനു മുന്നിൽ പെട്രോളൊഴിച്ചു തീകൊളുത്തി പ്രതിഷേധിച്ച പലസ്തീൻ സ്വദേശി ഗുരുതരാവസ്ഥയിൽ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ഗാർഡിന്റെ കൈകാലുകൾക്കു പൊള്ളലേറ്റു. ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിന് എതിരെയുള്ള രാഷ്ട്രീയ പ്രതിഷേധത്തിനായി പലസ്തീൻ പതാകയും കയ്യിലേന്തി സ്വയം തീകൊളുത്തിയ വ്യക്തിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

English Summary:

Israel destroyed southern Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com