ഫിലിപ്പീൻസിൽ കുർബാനയ്ക്കിടെ സ്ഫോടനം; 4 മരണം
Mail This Article
മനില / പാരിസ് ∙ ഫിലിപ്പീൻസിലും പാരിസിലും 2 ഭീകരാക്രമണങ്ങളിൽ 5 പേർ മരിച്ചു. തെക്കൻ ഫിലിപ്പീൻസിലെ മറാവി നഗരത്തിലെ മിൻഡനാവ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ജിംനേഷ്യത്തിൽ നടന്ന ഞായറാഴ്ച കുർബാനയ്ക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ 3 പേർ സ്ത്രീകളാണ്. പരുക്കേറ്റവരിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്.
പാരിസിൽ ഐഫൽ ടവറിനു സമീപം ജർമൻ സഞ്ചാരി കുത്തേറ്റു മരിച്ചു. ഒരു ബ്രിട്ടിഷ് സഞ്ചാരിയുൾപ്പെടെ 2 പേർക്കു പരുക്കേറ്റു. കത്തിയും ചുറ്റികയുമായി ആക്രമണം നടത്തിയ ഫ്രഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016 ൽ ഒരു ആക്രമണക്കേസിൽ അറസ്റ്റിലായി 4 വർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണ് അക്രമിയെന്നു പൊലീസ് പറഞ്ഞു.
ഫിലിപ്പീൻസിലെ സ്ഫോടനത്തിനു പിന്നിൽ വിദേശ ഭീകരരാണെന്നു പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസ് ജൂനിയർ ആരോപിച്ചു. തെക്കൻ ഫിലിപ്പീൻസിലെ മഗുണ്ടിനാവ് പ്രവിശ്യയിലെ ഡേറ്റു ഹോഫർ പട്ടണത്തിൽ വെള്ളിയാഴ്ച 11 ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ സൈനിക നടപടിയിൽ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാവിലെ കുർബാനയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. കത്തോലിക്കാ ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പീൻസ്.