ADVERTISEMENT

ഗാസ ∙ ഇസ്രയേൽ സേന ആക്രമണം വ്യാപിപ്പിച്ചതോടെ സുരക്ഷിത ഇടങ്ങൾ അനുനിമിഷം കുറഞ്ഞ് ഗാസയിലെ ജനങ്ങൾ സമാനതകളില്ലാത്ത ദുരന്തത്തിന്റെ മുനമ്പിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 700 പേർ കൊല്ലപ്പെട്ടു. 

   വടക്കുള്ള ഗാസ സിറ്റിയും ടെൽ അവ്‍ സാതറും കൂടാതെ തെക്കൻ ഗാസയിലെ ഖാൻ യൂനിസും റഫയും കേന്ദ്രീകരിച്ചാണ് ഇസ്രയേൽ ആക്രമണം ‌ശക്തമാക്കിയത്. ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട ശേഷം സൈന്യം ഇറങ്ങിയുള്ള ആക്രമണങ്ങൾക്കായി ഇസ്രയേൽ തയാറെടുക്കുകയാണെന്നാണു റിപ്പോർട്ടുകൾ. ഖാൻ യൂനിസ് അതിരൂക്ഷ പോരാട്ട മേഖലയാണെന്നും റഫയിലേക്കോ തെക്കുകിഴക്കൻ തീരദേശ മേഖലയിലേക്കോ നീങ്ങണമെന്നും മുന്നറിയിപ്പു നൽകിയുള്ള ലഘുലേഖകളാണ് സൈന്യം നൽകുന്നത്. റഫയുടെ കിഴക്കൻ മേഖലയിൽ പട്ടാള ടാങ്കുകൾ ഷെല്ലിങ് നടത്തി. ജബാലിയ അഭയാ‍ർഥി ക്യാംപിലും ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കിലെ 2 ഗ്രാമങ്ങളിലും ആക്രമണം നടത്തി. 

ഗാസയിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിയവർക്കരികിൽ എത്തിപ്പെടാനാകുന്നില്ലെന്ന് പലസ്തീൻ അധികൃതർ അറിയിച്ചു. രക്ഷാദൗത്യ സൗകര്യങ്ങളുടെ അപര്യാപ്തതയാണു കാരണം. ഹമാസിന്റെ ഒളിയിടങ്ങളായ തുരങ്കങ്ങൾ തകർത്തതായി ഇസ്രയേൽ ഇന്നലെ അവകാശപ്പെട്ടു. ഹമാസിന്റെ യുദ്ധക്കപ്പലുകൾ ഇസ്രയേൽ നാവികസേന തകർത്തെന്നും അറിയിച്ചു. 

ഇസ്രയേലും ഹമാസും രാജ്യാന്തര നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ ഓർമിപ്പിച്ചു. യുദ്ധക്കുറ്റങ്ങളിൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു. നിരപരാധികളായ പലസ്തീൻകാരെ കൊന്നൊടുക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് ദുബായിൽ കാലാവസ്ഥാ ഉച്ചകോടിക്കെത്തിയ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ അവസാനിച്ചത് വേദനാജനകമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. 

ഗാസയിലെ 18 ലക്ഷം വരുന്ന ജനസംഖ്യയുടെ 80 ശതമാനത്തിനും വീടുപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. റഫയിൽ 4 ലക്ഷം പേരും ഖാൻ യൂനിസിൽ 3 ലക്ഷം പേരുമാണ് അഭയം തേടിയിരിക്കുന്നത്. ഗാസയിലെ ആക്രമണം അവസാനിപ്പിക്കാതെ ബന്ദി കൈമാറ്റം പുനരാരംഭിക്കില്ലെന്നാണ് ഹമാസ് നിലപാട്. 

ഇല്ലാതെയായത് നൂറിലേറെ ഹെറിറ്റേജ് കേന്ദ്രങ്ങൾ 

ഗാസ ∙ ഒക്ടോബർ 7 മുതൽ ഇതുവരെ ഇസ്രയേൽ തകർത്തത് ഗാസയിലെ നൂറിലേറെ ഹെറിറ്റേജ് കേന്ദ്രങ്ങളെന്ന് ഹെറിറ്റേജ് ഫോർ പീസ് സംഘടന. പലസ്തീനിലെ ചരിത്രപ്രധാനമായ ഒമരി പള്ളി, ലോകത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയായ ചർച്ച് ഓഫ് സെയ്ന്റ്, വടക്കൻ ഗാസയിൽ കഴിഞ്ഞ വർഷം ഉത്ഖനനത്തിലൂടെ കണ്ടെത്തിയ 2000 കൊല്ലം പഴക്കമുള്ള റോമൻ സെമിത്തേരി, റഫ മ്യൂസിയം എന്നിങ്ങനെ ചരിത്ര സ്മാരകങ്ങളായി കരുതുന്ന സുപ്രധാന ഇടങ്ങൾ ഇസ്രയേൽ തകർത്തതായി ഹെറിറ്റേജ് ഫോർ പീസ് ചൂണ്ടിക്കാട്ടി.

English Summary:

Israel attack on southern Gaza is extreme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com