ഇന്തൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11 മരണം
Mail This Article
ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മറാപി അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 പർവതാരോഹകർ കൊല്ലപ്പെട്ടു.12 പേരെ കാണാതായി. സുരക്ഷാ കാരണങ്ങളാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. 3 കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. 2,891 മീറ്റർ ഉയരമുള്ള മറാപി പർവതത്തിൽ ഞായറാഴ്ച സ്ഫോടനം ഉണ്ടായ സമയത്ത് 75 പേരോളം സമീപപ്രദേശത്തുണ്ടായിരുന്നു.
49 പേരെ അപ്പോൾതന്നെ ഒഴിപ്പിച്ചു. കാണാതായ 3 പേരെ ഇന്നലെ കണ്ടെത്തി. പർവതത്തിൽ നിന്നു വമിച്ച ലാവയും ചാരവും 3 കിലോമീറ്റർ ഉയരത്തിൽ പൊങ്ങി. റോഡുകളും വാഹനങ്ങളും ചാരത്തിൽ മൂടി. ഇന്നലെ വീണ്ടും പൊട്ടിത്തെറിയുണ്ടായതാണു രക്ഷാപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കാരണം. സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് മറാപി. 1979 ഏപ്രിലിൽ മറാപിയിലുണ്ടായ സ്ഫോടനത്തിൽ 60 പേർ മരിച്ചു. ഇന്തൊനീഷ്യയിൽ 127 സജീവ അഗ്നിപർവതങ്ങളുണ്ട്.