ADVERTISEMENT

ഗാസ ∙ വടക്കെന്നും തെക്കെന്നുമില്ലാതെ ഇസ്രയേൽ പട്ടാളം ഗാസയെ ബോംബിട്ടു തകർക്കുന്നു. അഭയമേഖലകളായി നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ നിർദയം ആക്രമണം തുടരുകയാണ്. ഗാസയിൽ ഇനി പോകാനിടമില്ലാതെ, ഏതു നിമിഷവും മരണമെത്തുമെന്ന ഭീതിയിൽ നരകയാതനയിലാണു ജനം. ഒഴിയേണ്ടത് എങ്ങോട്ടെന്നു നിർദേശിച്ച ശേഷം അതേ സ്ഥലം ബോംബിട്ടു തകർക്കുന്ന യുദ്ധതന്ത്രം ഭീതി പരത്തുകയാണ്. 

വ്യോമാക്രമണത്തിനൊപ്പം സൈനികർ നേരിട്ടിറങ്ങിയുള്ള ആക്രമണത്തിനു മുന്നോടിയായി തെക്കൻ ഗാസയിൽ പട്ടാള ടാങ്കുകളിറങ്ങി. ഖാൻ യൂനിസിനു സമീപമാണ് ടാങ്കുകൾ നിരന്നത്. ജനവാസ മേഖലകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്താണു ടാങ്കുകളും മറ്റു സൈനികവാഹനങ്ങളും മുന്നേറുന്നത്. ജനങ്ങൾക്കും കാറുകൾക്കും നേരെ വെടിവയ്പും നടത്തി. ഖാൻ യൂനിസിൽ ഇപ്പോൾ നടക്കുന്നത് ഈ യുദ്ധത്തിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ബാലക്ഷേമ ഏജൻസിയായ യുനിസെഫ് ചൂണ്ടിക്കാട്ടി.

മേഖലയിലെ കുട്ടികളുടെ ദുരിതം വിവരിക്കാൻ വാക്കുകളില്ലെന്ന് യുനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു. തെക്കൻ ഗാസയിലെ റഫയിൽ സുരക്ഷിത ഇടങ്ങളെന്നു കരുതിയിരുന്ന മേഖലകളിൽ ഇസ്രയേൽ ബോംബിട്ടപ്പോൾ മരിച്ചവരിലേറെയും കുട്ടികളാണ്. കെട്ടിട അവശിഷ്ടങ്ങൾ വകഞ്ഞുമാറ്റി കുഞ്ഞുശരീരങ്ങൾ വീണ്ടെടുക്കുമ്പോഴെല്ലാം ചുറ്റുമുളളവർ ഉറക്കെ കരഞ്ഞു. 

ഇന്നലെയോടെ മരണം 15,899 ആയതായി ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖുദ്ര അറിയിച്ചു. ഇതിൽ 70% സ്ത്രീകളും കുട്ടികളുമാണ്. ആശുപത്രികളിൽ മൃതദേഹങ്ങൾ നിറഞ്ഞു. യുദ്ധം തുടങ്ങിയ ഒക്ടോബർ 7 മുതൽ ഇതുവരെ ഗാസയിലെ 19 ലക്ഷം പേർക്ക് വീടുപേക്ഷിച്ചു പോകേണ്ടി വന്നതായി യുഎൻ ദുരിതാശ്വാസ ഏജൻസി അറിയിച്ചു. ഗാസ മുനമ്പിലെ 80% പേരും ആക്രമണഭീതിയിൽ വീടുവിട്ടിറങ്ങി അഭയാർഥികളായി. യുഎൻ ഏജൻസിയുടെ 156 അഭയകേന്ദ്രങ്ങളിലായി 12 ലക്ഷം പേരാണ് തിങ്ങിഞെരുങ്ങി കഴിയുന്നത്. 

വടക്കൻ ഗാസയിൽ ടെലികോം സേവനം പൂർണമായും നിലച്ചു. ആഷ്കലോൺ ഉൾപ്പെടെയുള്ള ഇസ്രയേൽ നഗരങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഹമാസിന്റെ സൈനികവിഭാഗം അറിയിച്ചു. ഗാസയിൽ ഹമാസിന്റെ 200 കേന്ദ്രങ്ങൾ തകർത്തെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. 

ഇതിനിടെ, പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കുളള യാത്രകൾ കഴിവതും ഒഴിവാക്കാൻ ഇസ്രയേലുകാർക്കു മുന്നറിയിപ്പു ലഭിച്ചു. തെക്കേ അമേരിക്ക, ഓസ്ട്രേലിയ, റഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രയും നാഷനൽ സെക്യൂരിറ്റി കൗൺസിൽ നിരുത്സാഹപ്പെടുത്തി. 

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷത്തെ യെഷ് അതീദ് പാർട്ടിയുടെ നേതാവ് യയ്‌ർ ലപീദ് വീണ്ടും ആവശ്യപ്പെട്ടു. നെതന്യാഹു യുദ്ധക്കുറ്റത്തിനു വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പറഞ്ഞു. ഇസ്രയേലിനു പടിഞ്ഞാറൻ രാജ്യങ്ങൾ നൽകുന്ന പിന്തുണയെയും അപലപിച്ചു.

English Summary:

Israeli army bombarding Gaza, both north and south

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com